ടെലിവിഷന്‍ രംഗത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് സുരഭി ലക്ഷ്മി. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുരഭി 2017ല്‍ മിന്നാമിനുങ്ങിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളായി മാറിയ അജയന്റെ രണ്ടാം മോഷണം, റൈഫിള്‍ ക്ലബ്ബ് എന്നീ സിനിമകളില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സുരഭിക്ക് സാധിച്ചു. ദേശീയ അവാര്‍ഡുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെക്കുകയാണ് സുരഭി ലക്ഷ്മി.
താനും സംവിധായകന്‍ ദിലീഷ് പോത്തനും കാലടി യൂണിവേഴ്‌സിറ്റിയില്‍ ഒന്നിച്ചു പഠിച്ചവരായിരുന്നെന്ന് സുരഭി പറഞ്ഞു. യൂണിവേഴ്‌സിറ്റിയിലെ കൂത്തമ്പലത്തില്‍ താനും ദിലീഷ് പോത്തനും പല ദിവസങ്ങളിലും ഇരുന്ന് സംസാരിക്കാറുണ്ടായിരുന്നെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. അന്ന് എല്ലാവരും മഹാരാജാസിനെക്കുറിച്ചാണ് സംസാരിച്ചതെന്നും തങ്ങളുടെ കോളേജിനെപ്പറ്റി ആരും സംസാരിക്കാറില്ലായിരുന്നെന്നും സുരഭി പറഞ്ഞു.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരേ ക്ലാസില്‍ പഠിച്ചവര്‍ ഒരേ വര്‍ഷം മികച്ച നടിക്കുള്ള അവാര്‍ഡും മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡും വാങ്ങിയിരുന്നെന്ന് സുരഭി പറഞ്ഞു. അപ്പോള്‍ തങ്ങള്‍ രണ്ട് പേരും അന്ന് കൂത്തമ്പലത്തിലിരുന്ന് സംസാരിച്ച കാര്യങ്ങള്‍ ഓര്‍മിച്ചെന്നും അന്ന് നടത്തിയ ഗൂഢാലോചനയ്ക്ക് ഇത്ര വലിയ ഇംപാക്ട് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സുരഭി ലക്ഷ്മി.
‘കാലടിയില്‍ പഠിക്കുന്ന സമയത്ത് ഞാനും ദിലീഷ് പോത്തനുമൊക്കെ അവിടത്തെ കൂത്തമ്പലത്തിനടുത്ത് പല ദിവസവും ഇരുന്ന് സംസാരിക്കുമായിരുന്നു. ഞങ്ങള് തിയേറ്റര്‍ വിങ്ങിലുള്ളവര്‍ പല സമയത്തും അതുപോലെ ഇരുന്ന് സംസാരിക്കാറുണ്ട്. ആ സമയത്ത് ‘എല്ലാവരും ഇപ്പോള്‍ മഹാരാജാസ്, മഹാരാജാസ് എന്ന് പറയുന്നു. നമ്മുടെ പേരില്‍ ഈ കോളേജ് എപ്പോഴാണ് അറിയപ്പെടുന്നത്’ എന്ന് ചുമ്മാ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഒരേ ക്ലാസില്‍ പഠിച്ച രണ്ട് പേര്‍ ഒരേ വര്‍ഷം ദേശീയ അവാര്‍ഡ് വാങ്ങുകയായിരുന്നു. ഒരാള്‍ മികച്ച നടിക്കുള്ളതും മറ്റൊരാള്‍ മികച്ച മലയാള ചിത്രത്തിന്റെ സംവിധായകന്‍ എന്ന രീതിയിലും അവാര്‍ഡ് വേദിയിലെത്തുകയാണ്. അന്ന് ഞങ്ങള്‍ കൂത്തമ്പലത്തിലിരുന്ന് നടത്തിയ ഗൂഢാലോചനയുടെ ശക്തി എത്രമാത്രം ഉണ്ടെന്ന് ആലോചിച്ചു. ഞങ്ങള്‍ രണ്ടുപേരും പോയി അവാര്‍ഡ് വാങ്ങിയത് മറക്കാനാകാത്ത അനുഭവമാണ്,’ സുരഭി ലക്ഷ്മി പറഞ്ഞു.
Content Highlight: Surabhi Lakshmi shares the memories with Dileesh Pothan