Advertisement
Entertainment
ഞാനും ആ നടനും കൂത്തമ്പലത്തില്‍ ഇരുന്ന് നടത്തിയ ഗൂഢാലോചനയുടെ ശക്തി അപ്പോള്‍ മനസിലായി: സുരഭി ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 28, 03:26 am
Saturday, 28th December 2024, 8:56 am

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാവാണ് സുരഭി ലക്ഷ്മി. മിനിസ്‌ക്രീനിലൂടെ വന്ന് പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി മാറാന്‍ സുരഭിക്ക് കഴിഞ്ഞു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തിയത് സുരഭിയാണ്. ആഷിഖ് അബു സംവിധാനം ചെയ്ത് ഈ അടുത്ത് പുറത്തിറങ്ങിയ റൈഫിള്‍ ക്ലബ് എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ സുരഭി എത്തിയിരുന്നു.

കാലടി സര്‍വകലാശാലയില്‍ ഒന്നിച്ച് പഠിച്ച ദിലീഷ് പോത്താനൊപ്പം നാഷണല്‍ അവാര്‍ഡ് വാങ്ങിയ അനുഭവം പങ്കുവെക്കുകയാണ് സുരഭി ലക്ഷ്മി. താനും ദിലീഷ് പോത്തനും കാലടി സര്‍വകലാശാലയിലെ കൂത്തമ്പലത്തിലെ തിയേറ്ററിന്റെ വിങ്ങിലിരുന്ന് മഹാരാജാസ് അവിടെ പഠിച്ച വിദ്യാര്‍ത്ഥികളുടെ പേരില്‍ അറിയപ്പെടുന്നതുപോലെ കാലടി തങ്ങളുടെ പേരില്‍ അറിയപ്പെടുമോ എന്ന് സംസാരിച്ചിട്ടുണ്ടെന്ന് സുരഭി പറയുന്നു.

അങ്ങനെ സംസാരിച്ച തങ്ങള്‍ ഒരേ വര്‍ഷം ഒന്നിച്ച് മികച്ച നടിക്കും മികച്ച മലയാളം ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് വാങ്ങിയെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. അന്ന് കൂത്തമ്പലത്തില്‍ ഇരുന്ന് നടത്തിയ ഗൂഡാലോചനയുടെ ശക്തി എത്രമാത്രം ഉണ്ടെന്ന് അപ്പോള്‍ മനസിലായെന്നും ഒന്നിച്ച് പോയി അവാര്‍ഡ് വാങ്ങിയപ്പോള്‍ ഒരുപാട് സന്തോഷമായെന്നും സുരഭി പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരഭി ലക്ഷ്മി.

‘ഞാനും ദിലീഷ് പോത്തനുമൊക്കെ കാലടി യൂണിവേഴ്‌സിറ്റിയിലുള്ള കൂത്തമ്പലത്തിലെ തിയേറ്ററിന്റെ വിങ്ങിലിരുന്ന് ‘എല്ലാവരും മഹാരാജാസ് എന്ന് പറയും, എന്നാണ് നമ്മുടെ പേരില്‍ കാലടിയെല്ലാം അറിയപ്പെടുന്നത്’ എന്ന് പറയുമായിരുന്നു. അങ്ങനെയെല്ലാം ഞങ്ങള്‍ അവിടെയിരുന്ന് ചിന്തിച്ചിട്ടുണ്ട്.

ഒരു ദിവസം ഒരേ ക്ലാസില്‍ പഠിച്ചവര്‍ ഒരേ വര്‍ഷം ഒരാള്‍ മികച്ച നടിയും മറ്റൊരാള്‍ ബെസ്റ്റ് ഫീച്ചര്‍ ഫിലിം ഇന്‍ മലയാളം എന്ന ചിത്രത്തിന്റെ സംവിധായകനുമായി നാഷണല്‍ അവാര്‍ഡില്‍ എത്തുകയാണ്. അപ്പോള്‍ ഞങ്ങള്‍ക്ക് അന്ന് കൂത്തമ്പലത്തില്‍ ഇരുന്ന് നടത്തിയ ഗൂഢാലോചനയുടെ ശക്തി എത്രമാത്രം ഉണ്ടെന്ന് മനസിലായി. ഞങ്ങള്‍ ഒന്നിച്ച് പോയി അവാര്‍ഡ് വാങ്ങിയത് ഒരുപാട് സന്തോഷമുള്ള നിമിഷമായിരുന്നു,’ സുരഭി ലക്ഷ്മി പറയുന്നു.

Content Highlight: Surabhi Lakshmi Shares The Experience Of Received National Award With Dileesh Pothan