ഞാൻ അങ്ങനെ ഓപ്ഷനായി വരാറില്ല, പത്മ പോലും പലരും ഒഴിവാക്കിയ ശേഷം എന്നിലേക്ക് എത്തിയതാണ്: സുരഭി ലക്ഷ്മി
റിലീസാവാൻ ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് സുരഭി ലക്ഷ്മി. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന കുറിയും അനൂപ് മേനോൻ നായകനാവുന്ന പത്മയും അതിൽ ചിലതാണ്.
ഇതിനോടകം തന്നെ പത്മയുടെ ട്രെയ്‌ലറും പ്രൊമോഷൻ പരിപാടികളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് സുരഭിയെത്തുന്നത്. ഈ സിനിമ പൊട്ടിയാൽ അനൂപേട്ടന് എത്ര നഷ്ടം വരുമെന്ന് സുരഭി ചോദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
കുറിയിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് സുരഭി ഇപ്പോൾ. താൻ അങ്ങനെ ഓപ്ഷനായി വരാറില്ലെന്നും പത്മ പോലും പലരും ഒഴിവാക്കി എന്നിലേക്ക് എത്തിയതാണെന്നും പറഞ്ഞിരിക്കുകയാണ് നടി.
നാഷ്ണൽ അവാർഡ് ലഭിച്ചതുക്കൊണ്ട് പ്രശസ്തരായ സംവിധായകരാരും തന്നെ റോൾ തന്നിട്ടില്ലെന്നും സുരഭി കൂട്ടിച്ചേർക്കുന്നുണ്ട്. ക്ലബ്ബ് എഫ്. എം. മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘വിഷ്ണു ഉണ്ണികൃഷ്ണന്റെ അടുത്ത് കഥ പറയാൻ പോയപ്പോൾ പ്രവീൺ ചേട്ടൻ ഈ ക്യാരക്ടർ ചെയ്യാൻ ഞാൻ സുരഭിയെയാണ് വിചാരിക്കുന്നതെന്ന് പറഞ്ഞിരുന്നു. അത് നല്ല ഓപ്‌ഷൻ ആണെന്ന് വിഷ്ണുവും പറഞ്ഞു. സിയാദിക്കാന്റെ (പ്രൊഡ്യൂസർ) അടുത്ത് ചെന്നപ്പോൾ അദ്ദേഹവും പറഞ്ഞു, ഈ കഥാപാത്രം സുരഭി ചെയ്താൽ നന്നാകുമെന്ന്. കേൾക്കുമ്പോൾ ചെറുതായിട്ട് ഒരു തള്ളുപോലെ തോന്നും (ചിരിക്കുന്നു).
കാരണം ഞാൻ അങ്ങനെ ഓപ്ഷനായി വരാറില്ല. ഞാൻ ചെയ്യുന്ന പല ക്യാരക്ടറുകളും മറ്റു പലരും കഥ കേട്ടിട്ട് ഒഴിവാക്കിയതാണ്. പത്മ പോലും പലരും ഒഴിവാക്കി എന്നിലേക്ക് എത്തിയതാണ്. മിന്നാമിനുങ്ങും അങ്ങനെ തന്നെ ലഭിച്ചതാണ്,’ സുരഭി പറഞ്ഞു.
നാഷ്ണൽ അവാർഡ് കിട്ടിയതിന് ശേഷം ഞാൻ കരുതിയിരുന്നു കരിയറിൽ നല്ല മാറ്റങ്ങളുണ്ടാകുമെന്ന്. വലിയ പ്രശസ്തരായ സംവിധായകർ അവരുടെ സിനിമയിലേക്ക് എന്നെ വിളിക്കുമെന്ന് വിചാരിച്ചിരുന്നു.
പക്ഷെ ആ വിളി സംഭവിച്ചില്ല. ആരും വിളിച്ചില്ല. ഇപ്പോൾ പ്രശസ്തരായി നിൽക്കുന്ന ഒരു സംവിധായകരും അവരുടെ സിനിമയിൽ പ്രധാന കഥാപാത്രം ചെയ്യാൻ എന്നെ വിളിച്ചിട്ടില്ലെന്നും സുരഭി കൂട്ടിചേർത്തു.
കോക്കഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ആര്‍ പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറി. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം പകരുന്നത്. സന്തോഷ് സി. പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
അനൂപ് മേനോന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമായ പത്മ സംവിധാനം ചെയ്യുന്നതും അദ്ദേഹം തന്നെയാണ്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്.
അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന പത്മയില്‍ ശങ്കര്‍ രാമകൃഷ്ണന്‍, അന്‍വര്‍ ഷെരീഫ്, അംബി, മെറീന മൈക്കിള്‍, മാലാ പാര്‍വതി, ശ്രുതി രജനികാന്ത്, എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Surabhi Lakshmi says that she always get roles that some one avoid