ചെറിയ വേഷങ്ങളിൽ നിന്നും തുടങ്ങി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് സുരഭി ലക്ഷ്മി. സുരഭിയുടെ അഭിനയ മികവ് പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയാകാറുണ്ട്. 2016 ൽ പുറത്തിറങ്ങിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.
അനൂപ് മേനോനും പ്രിയാമണിയും ഒന്നിച്ചെത്തിയ തിരക്കഥ എന്ന സിനിമയിൽ വളർമതി എന്ന പേരിൽ ഒരു കഥാപാത്രം സുരഭി കൈകാര്യം ചെയ്തിരുന്നു. ആ സമയത്താണ് പ്രിയാമണിയോട് മണിയൻപിള്ള രാജു പരുത്തി വീരനിലെ അഭിനയത്തിന് നാഷണൽ അവാർഡ് കിട്ടുമെന്ന് പറയുന്നത്.
മിന്നാമിനുങ്ങ് കണ്ടപ്പോൾ സുരഭിയോടും ഇതേ പോലെ പറഞ്ഞിരുന്നു. പ്രിയാമണിക്കും സുരഭി ലക്ഷ്മിക്കും നാഷണൽ അവാർഡ് കിട്ടുകയും ചെയ്തു. ഈ സംഭവത്തെ കുറിച്ച് രസകരമായി വിവരിക്കുകയാണ് ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സുരഭി ലക്ഷ്മി.
‘തിരക്കഥ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് അനൂപ് മേനോനും പ്രിയാമണിയുമാണ് അതിലെ നായകനും നായികയും. പ്രിയാമണി ചെയ്ത കഥാപാത്രത്തിന്റെ അസിസ്റ്റന്റ് ആയ വളർമതി എന്ന പേരുള്ള ഒരു റോളാണ് ഞാൻ ചെയ്തത്. ആ സിനിമയിൽ പ്രിയാമണിക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്, ഒരുപാട് ഡയലോഗുകൾ പറയാനുണ്ട്.
അവർ പാട്ടും ഡാൻസുമൊക്കെ ചെയ്യുമ്പോൾ ഞാൻ ഇപ്പുറത്ത് കൊതിയോടെ നോക്കിനിക്കുമായിരുന്നു. നായികയാകുമെന്ന് ആഗ്രഹിക്കാൻ പോലും അർഹതയില്ലാത്ത ആ സമയത്ത് ഞാൻ ഭയങ്കരമായിട്ട് ആഗ്രഹിക്കുകയും വീട്ടിൽ ചെന്ന് കണ്ണാടിയിൽ നോക്കി അഭിനയിക്കുകയും ചെയ്യുമായിരുന്നു.
ആ സമയത്ത് മണിയൻപിള്ള രാജു ചേട്ടൻ പ്രിയാമണിയോട് പറഞ്ഞു. പരുത്തിവീരൻ കണ്ടു, പ്രിയ മണിക്ക് ആ സിനിമയിൽ എന്തായാലും നാഷണൽ അവാർഡ് കിട്ടാൻ സാധ്യതയുണ്ടെന്ന്. ആ സിനിമ ഏതാണെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എന്നാൽ അവർക്ക് ആ സിനിമയിൽ അവാർഡ് കിട്ടുകയും ചെയ്തു.
ഇതേപോലെ മിന്നാമിനുങ്ങ് കണ്ട സമയത്ത് എന്നോടും പറഞ്ഞു, സുരഭി… നിനക്ക് നാഷണൽ അവാർഡ് കിട്ടാൻ സാധ്യതയുണ്ടെന്ന്. നാഷണൽ അവാർഡ് കിട്ടാൻ മണിയൻപിള്ള രാജു ചേട്ടനെ സിനിമ കാണിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞു ( ചിരിക്കുന്നു ),’ സുരഭി പറഞ്ഞു.
വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം അഭിനയിച്ച കുറി എന്ന ചത്രമാണ് സുരഭിയുടെതായി ഇനി പുറത്തിറങ്ങാനുള്ളത്. ജൂലൈ 8 നാണ് ഈ ചിത്രം റിലീസാകുന്നത്.
Content Highlight: Surabhi Lakshmi says that Maniyanpilla Raju told her she will bag National Award for the movie Minnaminung