| Tuesday, 5th July 2022, 1:29 pm

മികച്ച സീരിയൽ നടിക്കുള്ള അവാർഡ് എനിക്ക് തരേണ്ടന്ന് വാദിച്ച ആളായിരുന്നു അനിലേട്ടൻ, എന്നിട്ട് അദ്ദേഹത്തിന്റെ സിനിമക്ക് തന്നെ എനിക്ക് നാഷണൽ അവാർഡ് കിട്ടി: സുരഭി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയൽ അഭിനയവും സിനിമ അഭിനയവും ഒരു പോലെ വഴങ്ങുന്ന നടിയാണ് സുരഭി ലക്ഷ്മി. സുരഭി കേന്ദ്ര കഥാപാത്രമായെത്തിയ എം 80 മൂസ എന്ന സീരിയൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി ആളുകൾക്കിടയിൽ പ്രശസ്തയാകുന്നതും അതുവഴിയായിരുന്നു. അതിനു ശേഷം 2017 ൽ പുറത്തിറങ്ങിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയം സുരഭിക്ക് നാഷണൽ അവാർഡ് നേടിക്കൊടുത്തു. ഈ അവാർഡ് ഏറെ ആഘോഷിക്കപ്പെട്ടു.

അനിൽ തോമസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മിന്നാമിനുങ്ങ്. ടെലിവിഷൻ അവാർഡ് നിർണയ സമയത്ത് മികച്ച നടിക്കുള്ള അവാർഡ് സുരഭിക്ക് കൊടുക്കേണ്ടെന്ന് പറഞ്ഞ ആളായിരുന്നു അനിൽ തോമസ്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ തന്നെ സുരഭി നാഷണൽ അവാർഡ് കരസ്ഥമാക്കുകയായിരുന്നു. ഈ സംഭവത്തെ കുറിച്ച് രസകരമായി സംസാരിക്കുകയാണ് ഡൂൾന്യൂസിന്‌ നൽകിയ അഭിമുഖത്തിൽ സുരഭി ലക്ഷ്മി.

‘എനിക്ക് നാഷണൽ അവാർഡ് കിട്ടിയ ചിത്രമായ മിന്നാമിനുങ്ങിന്റെ സംവിധായകൻ അനിലേട്ടൻ (അനിൽ തോമസ്) ടെലിവിഷൻ സ്റ്റേറ്റ് അവാർഡിൽ എനിക്ക് അഭിനയയിക്കാൻ അറിയില്ല, അതുകൊണ്ട് അവാർഡ് കൊടുക്കണ്ട എന്ന് പറഞ്ഞിരുന്നു. അവർ സംസാരശൈലി കൊണ്ട് മാത്രം പിടിച്ച് നിൽക്കുന്ന നടിയാണ് അതുകൊണ്ട് മികച്ച നടിക്കുള്ള അവാർഡ് കൊടുക്കണ്ടെന്ന് ഏറ്റവും കൂടുതൽ വാദിച്ചിട്ടുള്ളത് അനിലേട്ടനായിരുന്നു. അദ്ദേഹം തന്നെയാണ് ഈ കാര്യം എന്നോട് പറഞ്ഞതും. ഞാൻ ഇങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു സുരഭി, എന്നിട്ട് അവസാനം എന്റെ സിനിമക്ക് തന്നെ നിനക്ക് നാഷണൽ അവാർഡ് വാങ്ങിച്ചല്ലോ എന്ന് എന്നോട് തുറന്ന് പറഞ്ഞിട്ടാണ് ഞാൻ അറിയുന്നത്,’ എന്നാണ് സുരഭി പറഞ്ഞത്.

‘മാത്രവുമല്ല എം 80 മൂസയിലെ പാത്തു എന്ന ക്യാരക്ടർ ഓവറാണെന്ന് കേട്ടിട്ടുണ്ട്. ആ ക്യാരക്ടർ നാലാം ക്ലാസ്സിൽ നാല് തവണ തോറ്റ് എല്ലാത്തിനെയും അതിശയോക്തിയോടെ കാണുന്ന ആളാണ്. ആ ക്യാരക്ടർ ഭയങ്കര ഓവറാണ്, അപ്പോൾ എന്റെ അഭിനയവും ഓവറാകും. നാടകമാണെങ്കിൽ വേറെ രീതിക്കാണ്. അഭിനയം എല്ലാ സ്ഥലത്തും ഒരേ പോലെയാണ്. മീഡിയത്തിനനുസരിച്ചും സംവിധായകരും തിരക്കഥാകൃത്തുക്കളും അവശ്യപെടുന്നതനുസരിച്ചും നമ്മൾ അഭിനയിക്കാൻ പഠിക്കുക എന്നതിലാണ് കാര്യം. ഏതൊക്കെ കുപ്പിയിലേക്കാണോ ഒഴിക്കുന്നത് അതിനനുസരിച്ച് ഫ്ലെക്സിബിൾ ആയിരിക്കുക എന്നതാണ്. വെള്ളം പോലെ ആവുക എന്നതാണ്. കുറെ അഭിനയിക്കുമ്പോഴാണ് അത് പിടികിട്ടുക,’ സുരഭി പറഞ്ഞു.

വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം അഭിനയിച്ച കുറി എന്ന ചത്രമാണ് സുരഭിയുടെതായി ഇനി പുറത്തിറങ്ങാനുള്ളത്. ജൂലൈ എട്ടിനാണ് ഈ ചിത്രം റിലീസാകുന്നത്. കോക്കഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ആര്‍ പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറി. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം പകരുന്നത്. സന്തോഷ് സി. പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Content Highlight: Surabhi Lakshmi says that director Anil Thomas cancelled her best serial actress award, and then she bagged National Award for his movie Minnaminung

We use cookies to give you the best possible experience. Learn more