| Monday, 30th December 2024, 8:25 am

തിരക്കഥയില്‍ പ്രിയാമണി ചെയ്ത വേഷം ഞാന്‍ ചെയ്തു നോക്കി, അനൂപ് മേനോനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്: സുരഭി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ രംഗത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് സുരഭി ലക്ഷ്മി. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുരഭി 2017ല്‍ മിന്നാമിനുങ്ങിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളായി മാറിയ അജയന്റെ രണ്ടാം മോഷണം, റൈഫിള്‍ ക്ലബ്ബ് എന്നീ സിനിമകളില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനും സുരഭിക്ക് സാധിച്ചു.

സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സുരഭി ലക്ഷ്മി. തങ്ങള്‍ അവതരിപ്പിക്കുന്ന പുതുമുഖ നായിക എന്ന ടൈറ്റിലോടെയല്ല താന്‍ സിനിമയിലേക്ക് വരുന്നതെന്ന് സുരഭി ലക്ഷ്മി പറയുന്നു. ആദ്യം താന്‍ ഡയലോഗ് ഇല്ലാതെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നും പിന്നീട് ഡയലോഗ് കിട്ടിയെന്നും അതിന് ശേഷം പാട്ട് ലഭിച്ചെന്നും അങ്ങനെയാണ് താന്‍ സിനിമയിലേക്ക് എത്തുന്നതെന്നും സുരഭി പറഞ്ഞു.

തിരക്കഥ എന്ന സിനിമയില്‍ പ്രിയാമണി ചെയ്ത കഥാപാത്രവും സീനുമെല്ലാം താന്‍ ഹോട്ടല്‍ മുറിയില്‍ പോയി ചെയ്യുമായിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു. പദ്മ എന്ന സിനിമ ചെയ്തപ്പോള്‍ അനൂപ് മേനോനോട് ഇക്കാര്യം താന്‍ പറഞ്ഞിട്ടുണ്ടെന്നും സുരഭി പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരഭി ലക്ഷ്മി.

‘ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതുമുഖ നായിക എന്ന ടൈറ്റിലോടെയല്ല ഞാന്‍ സിനിമയില്‍ എത്തുന്നത്. ഞാന്‍ ഒരു ഡയലോഗ് ഇല്ലാത്തിടത്തുനിന്ന് ഡയലോഗ് കിട്ടി, കഥാപാത്രത്തിന് ഒരു പേര് കിട്ടി, പിന്നെ ഒരു പാട്ട് കിട്ടി, അങ്ങനെയൊക്കെയാണ് സിനിമയിലേക്ക് എത്തുന്നത്.

തിരക്കഥ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രിയാമണി ചെയ്തതെല്ലാം ഞാന്‍ ഹോട്ടല്‍ മുറിയില്‍ പോയി ചെയ്തിട്ടുണ്ട്. നമ്മുടെ ഒരു ആഗ്രഹം എന്ന രീതിയില്‍ അതെല്ലാം ചെയ്തിട്ടുണ്ട്. പിന്നെ പദ്മ എന്ന സിനിമയില്‍ അനൂപ് മേനോന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് നിങ്ങളുടെ തിരക്കഥയിലെ ആ സീനെല്ലാം ഞാന്‍ ഒരു നൂറ് വട്ടം അഭിനയിച്ചിട്ടുണ്ടെന്ന്,’ സുരഭി ലക്ഷ്മി പറയുന്നു.

Content Highlight: Surabhi Lakshmi Says She Practiced Priya Mani’s Character In Thirakkatha Movie

We use cookies to give you the best possible experience. Learn more