| Thursday, 25th April 2019, 7:48 pm

നാട്ടുകാരോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് പരസ്യത്തില്‍ അഭിനയിച്ച സുരഭി ലക്ഷ്മിക്കും വോട്ടില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: 23 ന് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് നടി സുരഭി ലക്ഷ്മി. വോട്ട് ചെയ്യാന്‍ പോയപ്പോഴാണ് തന്റെ പേരില്ലെന്ന് അറിഞ്ഞതെന്നും എല്ലാ വര്‍ഷവും വോട്ട് ചെയ്തത് കൊണ്ട് ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ലെന്നും സുരഭി ലക്ഷ്മി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായി തയാറാക്കിയ പരസ്യത്തില്‍ അഭിനയിച്ച പ്രമുഖരില്‍ ഒരാളാണ് സുരഭി. വോട്ട് ചെയ്യേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണെന്നും പൗരന്റെ അവകാശമാണെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നൊക്കെ നാട്ടുകാരോട് അഭ്യര്‍ത്ഥിച്ച തനിക്ക് മാത്രം, ഇപ്രാവശ്യം വോട്ട് ചെയ്യാന്‍ പറ്റിയില്ലെന്നും സുരഭി പറഞ്ഞു.

നേരത്തെ വോട്ടു ചെയ്യാനായി വിമാനം പിടിച്ച് നാട്ടിലെത്തിയപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതുമൂലം നടന്‍ ജോജു ജോര്‍ജിനും വോട്ടു ചെയ്യാന്‍ പറ്റിയിരുന്നില്ല. അമേരിക്കയില്‍ നിന്നായിരുന്നു ജോജു വോട്ടു ചെയ്യാനായി നാട്ടില്‍ എത്തിയത്.

കുഴൂര്‍ ഗവ. സ്‌കൂളിലെ പോളിങ് ബൂത്തില്‍ വോട്ടു ചെയ്യാന്‍ എത്തിയപ്പോഴാണ് വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന കാര്യം ജോജു അറിഞ്ഞത്. അതോടെ ഇപ്പോള്‍ താമസിക്കുന്ന മാളയിലാകും തനിക്ക് വോട്ടെന്നു കരുതി. അവിടെ വോട്ടുണ്ടാകുമെന്ന് കരുതി മാള സ്നേഹനഗരിയിലെത്തിയെങ്കിലും അവിടെയും വോട്ടര്‍പട്ടികയില്‍ പേരില്ലെന്നു കണ്ടതോടെ നിരാശനായി മടങ്ങുകയായിരുന്നു.

കുഴൂരിലെ വോട്ടര്‍പട്ടികയില്‍ ജോജുവിന്റെ അച്ഛന്റെയും അമ്മയുടെയും പേരുണ്ടായിരുന്നു. അവര്‍ അവിടെ വോട്ടു ചെയ്യുകയും ചെയ്തിരുന്നു. ജോജുവിനു പുറമേ ഭാര്യ അബ്ബയ്ക്കും വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതുമൂലം വോട്ടു ചെയ്യാനായില്ല.

അതേസമയം തൃശൂര്‍ ജില്ലയില്‍ മാത്രം ആയിരത്തിലേറെ വോട്ടര്‍മാരുടെ പേരുകള്‍ അപ്രത്യക്ഷമായതായി പരാതി ഉയര്‍ന്നിരുന്നു. കരടുവോട്ടര്‍ പട്ടികയിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റിലെ പട്ടികയിലും ഉള്‍പ്പെട്ടവരാണ് അന്തിമവോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. യു.ഡി.എഫ് അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും കുടുംബങ്ങളാണ് വോട്ട് നഷ്ടപ്പെട്ടവരിലേറെയും.

വിവാഹം കഴിച്ചവരുടേയും പുതിയ വീടുവെച്ചവരുടേതുമടക്കം പേരുകള്‍ വോട്ടറെ അറിയിക്കാതെ ബി.എല്‍.ഒമാര്‍ സ്വന്തം നിലയ്ക്കു വെട്ടിയതായും പരാതിയുണ്ട്.

We use cookies to give you the best possible experience. Learn more