|

എന്നെ നായികയാക്കാന്‍ ടൊവിനോ സമ്മതിച്ചോ എന്നാണ് ഞാന്‍ ജിതിനോട് ചോദിച്ചത്: സുരഭി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നാണ് അജയന്റെ രണ്ടാം മോഷണം. മൂന്ന് കാലഘട്ടത്തിലെ മൂന്ന് കഥാപാത്രങ്ങളായി ടൊവിനോ എത്തിയ ചിത്രം ഓണം റിലീസുകള്‍ക്കിടയില്‍ വിജയിയായി. ത്രീ.ഡിയില്‍ ഒരുങ്ങിയ ഫാന്റസി അഡ്വഞ്ചര്‍ ചിത്രം 100 കോടിയിലധികം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിരുന്നു. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളായി കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ടൊവിനോ കാഴ്ചവെച്ചത്. ടൊവിനോക്ക് ശേഷം പെര്‍ഫോമന്‍സ് കൊണ്ട് എല്ലാവരെയും ഞെട്ടിച്ചത് സുരഭി ലക്ഷ്മിയാണ്.

മണിയന്റെ പങ്കാളിയായ മാണിക്യം എന്ന കഥാപാത്രത്തെ സുരഭി മികച്ച രീതിയില്‍ അവതരിപ്പിച്ചു. മറ്റ് രണ്ട് നായികമാരെക്കാള്‍ കൂടുതല്‍ സ്‌ക്രീന്‍ ടൈമും സുരഭിക്കായിരുന്നു. ചിത്രത്തില്‍ ടൊവിനോയുടെ നായികയായി തന്നെ വിളിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സുരഭി ലക്ഷ്മി. തെലുങ്കില്‍ നിന്ന് കൃതി ഷെട്ടിയും, തമിഴില്‍ നിന്ന് ഐശ്വര്യ രാജേഷുമായിരുന്നു മറ്റ് രണ്ട് നായികമാരെന്നും അവരോടൊപ്പം തന്നെ നായികയാക്കാന്‍ ടൊവിനോ സമ്മതിച്ചോ എന്നാണ് സംവിധായകന്‍ ജിതിന്‍ ലാലിനോട് ചോദിച്ചതെന്ന് സുരഭി ലക്ഷ്മി പറഞ്ഞു.

ടൊവിനോയുടെ ഇപ്പോഴത്തെ നായികയാകുന്നത് തൃഷയൊക്കെയാണെന്ന് പറഞ്ഞെന്നും സുരഭി ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. അതൊക്കെ കേട്ടപ്പോള്‍ ജിതിന്‍ തന്നോട് പറഞ്ഞത് ബ്രോ അതൊന്നും നോക്കണ്ട, ഈ പടത്തില്‍ അഭിനയിക്കാനാണ് തന്നെ വിളിച്ചതെന്നും അത് മാത്രം ചെയ്താല്‍ മതിയെന്ന് പറഞ്ഞെന്നും സുരഭി പറഞ്ഞു. അഭിനയപ്രാധാന്യമുള്ള വേഷമാണെന്ന് അപ്പോള്‍ തനിക്ക് മനസിലായെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. വണ്ടര്‍വാള്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു സുരഭി ലക്ഷ്മി.

‘അജയന്റെ രണ്ടാം മോഷണത്തില്‍ ഞാന്‍ നേരിട്ട വെല്ലുവിളി എന്താണെന്ന് നോക്കണം, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരുടെ കൂടെ ടൊവിനോയുടെ നായികയായി എന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്. അത് കേട്ടപ്പോള്‍ ഞാന്‍ ജിതിനോട് ചോദിച്ചത്, എന്നെ നായികയാക്കാന്‍ ടൊവിനോ സമ്മതിച്ചോ എന്നാണ്. കാരണം, ഇപ്പോള്‍ ടൊവിയുടെ നായികയാകുന്നത് തൃഷയൊക്കെയാണ്.

അപ്പോള്‍ ജിതിന്‍ പറഞ്ഞ മറുപടി ‘ബ്രോ, തെലുങ്കില്‍ നിന്ന് കൃതി ഷെട്ടിയും തമിഴില്‍ നിന്ന് ഐശ്വര്യ രാജേഷും ഈ പടത്തിലുണ്ട്. ബ്രോയെ ഞാന്‍ വിളിച്ചത് അഭിനയിക്കാന്‍ വേണ്ടിയാണ്. ബാക്കിയൊക്കെ പിന്നീട് നോക്കാം’ എന്നായിരുന്നു. അപ്പോള്‍ ചുമ്മാ നമ്മളെ വിളിച്ചതല്ല, അഭിനയപ്രാധാന്യമുള്ള ഒരു ഐറ്റമാണെന്ന് അപ്പോള്‍ മനസിലായി,’ സുരഭി ലക്ഷ്മി പറഞ്ഞു.

Content Highlight: Surabhi Lakshmi explains her reaction when she selected for Ajayante Randam Moshanam