| Wednesday, 26th October 2022, 5:18 pm

ആദ്യം ഈ കഥാപാത്രം ചെയ്യണോ വേണോയെന്ന സംശയമുണ്ടായിരുന്നു: സുരഭി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലും ടെലിവിഷനിലും ഒരേ പോലെ കഴിവ് തെളിയിച്ച നടിയാണ് സുരഭി ലക്ഷ്മി. 2016ല്‍ മിന്നാമിനുങ്ങ് എന്ന ചിത്രത്തിന് നാഷണല്‍ അവാര്‍ഡ് സുരഭി സ്വന്തമാക്കിയിട്ടുണ്ട്. കുമാരിയാണ് താരത്തിന്റെ പുതിയ ചിത്രം. ഐശ്വര്യ ലക്ഷ്മി ലീഡ് റോളില്‍ എത്തുന്ന ചിത്രത്തില്‍ മുത്തമ്മ എന്ന കഥാപാത്രത്തെയാണ് സുരഭി അവതിപ്പിക്കുന്നത്. വളരെ വ്യത്യസ്തമായ വേഷമാണ് മുത്തമ്മ.

കുമാരി എന്ന ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടതിനേക്കുറിച്ച് സംസാരിക്കുകയാണ് സുരഭി. ആദ്യം ഈ റോള്‍ ചെയ്യേണ്ട എന്നായിരുന്നു താന്‍ വിചാരിച്ചതെന്ന് താരം പറഞ്ഞു. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയെക്കുറിച്ചും നടി പറഞ്ഞു.

”ഒരു നടി എന്ന നിലയില്‍ എനിക്ക് കിട്ടിയ വലിയ ഭാഗ്യമാണ് കുമാരിയിലെ കഥാപാത്രം. പാത്തുവില്‍ നിന്നും മുത്തമ്മ എന്ന കഥാപാത്രത്തിലേക്കാണ് ഞാന്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടറാണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്.

അദ്ദേഹം വിളിച്ചിട്ട് പറഞ്ഞത് മുത്തങ്ങ എന്നൊരു കഥാപാത്രത്തെ അവതരിപ്പിക്കാനുണ്ടെന്നാണ്. മുത്തങ്ങയോ അത് വയനാട്ടിലെ ഒരു സ്ഥലത്തിന്റെ പേരല്ലെയെന്നാണ് ഞാന്‍ ചോദിച്ചു. അപ്പോള്‍ ആണ് മുത്തങ്ങ അല്ല മുത്തമ്മയാണെന്ന് തിരുത്തി പറഞ്ഞത്.

ആദ്യം എനിക്ക് ഈ കഥാപാത്രം ചെയ്യണോ വേണോയെന്ന സംശയമുണ്ടായിരുന്നു. പിന്നെ സിനിമയുടെ ഡയറക്ടര്‍ നിര്‍മല്‍ സാറിന് ഈ ചിത്രം എങ്ങനെ ആയിട്ട് വരുമെന്നതിനെക്കുറിച്ച് വലിയൊരു വിഷന്‍ ഉണ്ടായിരുന്നു. അതുപോലെ തന്നെ സിനിമ വന്നിട്ടുണ്ട്. എനിക്ക് ഇപ്പോള്‍ അതില്‍ വളരെ സന്തോഷമുണ്ട്.

മുത്തമ്മയുടെ ഭാഷയും സിനിമയുടെ സ്‌ക്രിപ്റ്റുമെല്ലാം മിക്‌സ് ചെയ്ത സംസാര രീതിയാണ് സിനിമയില്‍ എനിക്കുള്ളത്. നമ്മുടെ സ്‌ക്രിപ്റ്റിലുള്ളതും കുറച്ച് ട്രൈബല്‍ സംസാര രീതിയാണ് ഉപയോഗിച്ചത്. അതെനിക്ക് കുറച്ച് ചലഞ്ചിങ്ങായിട്ടുള്ള റോളാണ്. ഈ സിനിമയില്‍ ഏറ്റവും കൂടുതല്‍ മേക്കപ്പ് ചെയ്തിട്ടുള്ള വ്യക്തി ഞാനാണ്,” സുരഭി പറഞ്ഞു.

ചിത്രം ഒക്ടോബര്‍ 28 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. പേടിപ്പെടുത്തുന്ന ട്രെയ്ലറിലെ വിവരണം പോലെ കുമാരി ഒരു മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണെന്ന് സൂചനയുണ്ട്.

ടൈറ്റില്‍ റോളിലെത്തുന്ന ഐശ്വര്യ ലക്ഷ്മിക്കും സുരഭിക്കുമൊപ്പം ഷൈന്‍ ടോം ചാക്കോ, സ്വാസിക, ജിജു ജോണ്‍, തന്‍വി രാം, സ്പടികം ജോര്‍ജ്ജ്, രാഹുല്‍ മാധവ്, ശിവജിത്, ശ്രുതി മേനോന്‍, ശൈലജ കൊട്ടാരക്കര എന്നിവരും എത്തുന്നുണ്ട്.

content highlight: surabhi lakshmi about kumari character

We use cookies to give you the best possible experience. Learn more