തിരുവനന്തപുരം : മലയാളസിനിമയ്ക്ക ദേശീയ അവാര്‍ഡ് നേടിത്തന്ന സുരഭി ലക്ഷ്മിക്ക് രാജ്യാന്തര ചലച്ചിത്ര മേളയില്‍ അവഗണന. സുരഭി ലക്ഷ്മിയെ മാറ്റി നിര്‍ത്തി അവള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ച് ചലച്ചിത്ര അക്കാദമി.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മലയാളത്തിന് ദേശീയ അവാര്‍ഡ് നേടിത്തന്ന നടിയാണ് സുരഭി ലക്ഷ്മി. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ല എന്നു മാത്രമല്ല മേളയുടെ ഒരു പരിപാടിയിലും സുരഭിയെ ക്ഷണിച്ചിട്ടുമില്ല.
2003 ല്‍ മീരാ ജാസ്മിനിലൂടെയായിരുന്നു മലയാളത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചത്. അതേസമയം വര്‍ഷങ്ങള്‍ക്കുമുമ്പ് ദേശീയ അവാര്‍ഡ് നേടിയ പ്രകാശ്രാജായിരുന്നു ഉദ്ഘാടനത്തിന് മുഖ്യാതിഥി.
ഡെലിഗേറ്റ് പാസ് ഓണ്‍ലൈനില്‍ എടുക്കാന്‍ കഴിയാതിരുന്ന സുരഭി അക്കാദമിയില്‍ വിളിച്ച് മണിയന്‍ പിള്ള രാജുവിനോട് കാര്യം പറഞ്ഞിരുന്നു. ദേശീയ അവാര്‍ഡ് ലഭിച്ച നടിയായതുകൊണ്ട് പാസ് കിട്ടുമെന്നും, അക്കാദമി ചെയര്‍മാനായ കമലിനെ വിവരം അറിച്ചാല്‍ മതിയെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് കമലുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ എര്‍പ്പാടാക്കാം എന്നാണ് മറുപടി പറഞ്ഞത്. പിന്നീട് അദ്ദേഹം വിളിച്ചിട്ടുമില്ല എന്നാണ് സുരഭി പറഞ്ഞത്.
ഡിസംബര്‍ 12 ന് സുരഭിയുടെ സുഹൃത്തുകള്‍ ചേര്‍ന്ന് മിന്നാമിനുങ്ങ് എന്ന് ചിത്രം മേളക്ക് സമാന്തരമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ ചിലപ്പോള്‍ കാരണങ്ങളുണ്ടാകും എന്നിരുന്നാലും കഴിഞ്ഞവര്‍ഷം മലയാളസിനിമയ്ക്ക് ഒരു ദേശീയ അവാര്‍ഡ് സമ്മാനിച്ച ചിത്രമെന്ന നിലയില്‍ ചിത്രം തെരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നുവെന്ന് സുരഭി പറഞ്ഞു. അവള്‍ക്കൊപ്പം എന്ന് പറയുന്ന് മേളയില്‍ അവര്‍ക്ക് ഒപ്പം നില്‍ക്കുന്ന അവളാകാന്‍ തനിക്ക് എത്രദൂരം പോകണമെന്ന് അറിയില്ലെന്നും അവര്‍ ചേര്‍ത്ത് പിടിക്കുന്ന നടിമാര്‍ക്ക് ആണേല്‍ ഇങ്ങനെ അവഗണന ഉണ്ടാകുമോ എന്നും സുരഭി ചോദിക്കുന്നു.
കേന്ദ്രത്തില്‍ നിന്ന് അവാര്‍ഡ് ലഭിച്ച തനിക്ക് കേരളത്തില്‍ ജൂറി പരാമര്‍ശം മാത്രമേയുള്ളുവെന്ന കാര്യം ഓര്‍ത്തിരുന്നില്ലെന്നും അവര്‍ പറഞ്ഞു. വനിതാകളക്ടീവ് അംഗം കൂടിയയാണ് സുരഭി ഇത്തരത്തില്‍ ഇരയാക്കപ്പെടുന്നവര്‍ക്ക് വേണ്ടി പുതിയ സംഘടന രൂപികരിക്കേണ്ടി വരുമോ എന്ന അഭിപ്രായമാണ് പറഞ്ഞത്.