| Saturday, 1st April 2023, 12:02 pm

മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കുറിച്ചല്ലാതെ മറ്റൊരു നടനെ കുറിച്ചും അറിയില്ലായിരുന്നു; കൂട്ടുകാരിയാണ് പൃഥ്വിയുടെ നമ്പര്‍ തന്നത്: സുപ്രിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ താന്‍ കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചും ഒടുവില്‍ തങ്ങളുടെ വിവാഹം സംഭവിച്ചതിനെ കുറിച്ചുമൊക്കെ പറയുകയാണ് നിര്‍മാതാവ് കൂടിയായ സുപ്രിയ മേനോന്‍. എന്‍.ടി.ടി.വിയില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരു വര്‍ക്കിന്റെ ഭാഗമായിട്ടാണ് പൃഥ്വിയെ പരിചയപ്പെടുന്നതെന്നും പിന്നീട് പ്രണയിക്കുന്നതെന്നും സുപ്രിയ പറഞ്ഞു.

അന്ന് മലയാളത്തില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും മാത്രമെ അറിയുകയുള്ളായിരുന്നുവെന്നും സുപ്രിയ പറഞ്ഞു. എന്നാല്‍ ജോലിയുടെ ഭാഗമായിട്ടുള്ള ഫീച്ചറും അഭിമുഖവും ഒന്നും നടന്നില്ലെന്നും അഭിമുഖത്തില്‍ താരം പറഞ്ഞു.

‘താരകുടുംബം എന്നൊന്നും അന്ന് ആലോചിച്ചിട്ട് കൂടിയില്ല. എന്‍.ഡി.ടി.വിയില്‍ ജോലി ചെയ്യുമ്പോള്‍ ശ്രീനിവാസ് ജെയ്ന്‍ എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മലയാള സിനിമകളെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാന്‍ അസൈന്‍മെന്റ് തന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്ന രണ്ട് ബിഗ് എം അല്ലാതെ മറ്റൊരു നടനെ കുറിച്ച് പോലും അന്ന് അറിയില്ല.

സഹപ്രവര്‍ത്തകയായ കൂട്ടുകാരി ഒരു മൊബൈല്‍ നമ്പര്‍ തന്നിട്ട് പറഞ്ഞു, മലയാളത്തിലെ ഒരു യുവ താരമാണ്. സിനിമയെ കുറിച്ചൊക്കെ നല്ല ധാരണയുള്ള കക്ഷിയാണ്. നീ ഒന്ന് വിളിച്ച് നോക്ക്. ഉപകാരപ്പെടും, എന്ന്.

ഞാന്‍ വിളിച്ചു. ആ ഒരൊറ്റ കോള്‍ ആണ് ജീവിതം മാറ്റിമറിച്ചത്. ഇന്റര്‍വ്യൂവും ആ ഫീച്ചറും നടന്നില്ല. പക്ഷെ ഞാനും പൃഥ്വിയും കൂട്ടുകാരായി. പുള്ളി വലിയ സ്റ്റാറാണെന്നോ താര കുടുംബത്തിലാണെന്നോ ഒന്നും അറിയില്ലല്ലോ. പയ്യെ പയ്യെ സൗഹൃദം കൂടുതല്‍ ദൃഢമായി. ഞങ്ങള്‍ ഡേറ്റിങ് തുടങ്ങി.

തിരക്കിനിടക്കും പൃഥ്വി മുംബൈയില്‍ വരും. എന്റെ കൂടെ ഓട്ടോയില്‍ സഞ്ചരിക്കും. ബീച്ചിലിരിക്കും, റോഡരികില്‍ നിന്ന് ചായ കുടിക്കും. അക്കാലത്ത് എല്ലാ പുസ്തകങ്ങളും രണ്ടെണ്ണം വാങ്ങും. ഒന്ന് പൃഥ്വിക്കാണ്. വായന കഴിഞ്ഞ് അതേക്കുറിച്ച് ഒരുപാട് സംസാരിക്കും.

നാല് വര്‍ഷത്തെ പരിചയത്തിന് ശേഷമാണ് വിവാഹം തീരുമാനിക്കുന്നത്. എന്നോടൊത്ത് നടന്ന പൃഥ്വിയെ ആണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ താരത്തെ ആയിരുന്നില്ല.

ആറ് മാസത്തെ അവധി കഴിഞ്ഞ് മുംബൈയ്ക്ക് മടങ്ങി. തിരക്കോട് തിരക്കായിരുന്നു അന്ന്. ഞാന്‍ വല്ലാതെ മടുത്തു. അങ്ങനെ ജോലി വിടാന്‍ തീരുമാനിച്ചു. ഒരു പ്ലാനും ഇല്ലാതായിരുന്നു കേരളത്തിലേക്കുള്ള വരവ്,” സുപ്രിയ മേനോന്‍ പറഞ്ഞു.

content highlight: suprriya menon share memories with prithviraj

We use cookies to give you the best possible experience. Learn more