അജിത് പവാറിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ച് സുപ്രിയ സുലേ; ദേവേന്ദ്ര ഫഡ്‌നാവിസ് ഷേക്ക്ഹാന്‍ഡ് നല്‍കി പിരിഞ്ഞു
national news
അജിത് പവാറിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ച് സുപ്രിയ സുലേ; ദേവേന്ദ്ര ഫഡ്‌നാവിസ് ഷേക്ക്ഹാന്‍ഡ് നല്‍കി പിരിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th November 2019, 8:35 am

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന മഹാവികാസ് അഘാഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാജിവെച്ച ഉപമുഖ്യമന്ത്രി അജിത് പവാറിനെ ക്ഷണിച്ച് എന്‍.സി.പി നേതാവും ശരദ്പവാറിന്റെ മകളുമായ സുപ്രിയ സുലേ. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മറ്റ് എന്‍.സി.പി നേതാക്കള്‍ക്കൊപ്പം അജിത് പവാറും പങ്കെടുക്കണമെന്ന് സുപ്രിയ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാല് ദിവസത്തിനകം അധികാരത്തില്‍ നിന്നും താഴെ ഇറങ്ങേണ്ടി വന്ന ബി.ജെ.പി നേതാവ് ദേവേന്ദ്രഫഡ്‌നാവിസിനെയും സുപ്രിയ കണ്ടു. മഹാരാഷ്ട്ര നിയമസഭ ഗേറ്റിന് മുന്‍പിലായിരുന്നു ഇരുവരും നേരില്‍ കണ്ടത്. ദേവേന്ദ്ര ഫഡ്‌നാവിസിന് ഷേക്ക്ഹാന്‍ഡ് നല്‍കി ഇരുവരും പിരിയുകയായിരുന്നു.

നാളെയാണ് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ്. മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി അധികാരത്തിലേറുമ്പോള്‍ മുന്‍പ് തീരുമാനിച്ചതുപൊലെ തന്നെ തുടര്‍ച്ചയായ അഞ്ച് വര്‍ഷം ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയാണു മുഖ്യമന്ത്രിസ്ഥാനം കൈയാളുക.

ശിവസേനയ്ക്കു മുഖ്യമന്ത്രിസ്ഥാനത്തിനു പുറമേ 15 മന്ത്രിമാരെക്കൂടി ലഭിക്കും. എന്‍.സി.പിക്ക് 15 മന്ത്രിപദവികള്‍ നല്‍കാന്‍ തീരുമാനമായതായാണ് ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസിനു കിട്ടുന്നത് 13 സ്ഥാനങ്ങളാണ്, ഒപ്പം സ്പീക്കര്‍ പദവിയും. ആകെ 43 മന്ത്രിമാരാകും ഉണ്ടാവുകയെന്നും ഏറെക്കുറേ തീരുമാനമായിട്ടുണ്ട്.

എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഓരോ ഉപമുഖ്യമന്ത്രി പദവികള്‍ നല്‍കാനും ഏകദേശ ധാരണയായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായ ബാലാസാഹേബ് തൊറാട്ടായിരിക്കും അതിലൊരാള്‍. സഭയിലെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവെന്ന നിലയ്ക്ക് കോണ്‍ഗ്രസിന് അക്കാര്യത്തില്‍ സംശയമുണ്ടാകാനിടയില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ എന്‍.സി.പിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനു മുന്‍പ് ആ പദവിയിലേക്കു പരിഗണിച്ചിരുന്നത് അജിത് പവാറിനെയാണ്. എന്നാല്‍ ഇനിയിപ്പോള്‍ അജിത്തിന്റെ രാഷ്ട്രീയഭാവി ചോദ്യചിഹ്നമായിരിക്കെ, പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ ജയന്ത് പാട്ടീലിന്റെ പേരാണ് ആ പദവിയിലേക്കു പറഞ്ഞുകേള്‍ക്കുന്നത്.