| Monday, 12th August 2024, 10:03 pm

കേന്ദ്രത്തെ വിമര്‍ശിച്ചാല്‍ ഉടന്‍ എന്റെ പങ്കാളിക്ക് ആദായനികുതിയുടെ നോട്ടീസ് ലഭിക്കും: സുപ്രിയ സുലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി (ശരദ് പവാര്‍ വിഭാഗം) നേതാവ് സുപ്രിയ സുലെ. 2024 കേന്ദ്ര ബജറ്റിനെ സംബന്ധിച്ച ലോക്സഭയിലെ പ്രസംഗത്തിന് പിന്നാലെ പങ്കാളി സദാനന്ദ് സുലെയ്ക്ക് ആദായനികുതിയുടെ നോട്ടീസ് ലഭിച്ചതായി സുപ്രിയ സുലെ പറഞ്ഞു. മുംബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് എന്‍.സി.പി എം.പിയുടെ പരാമര്‍ശം.

‘ഇത് ഒരു പതിവ് സംഭവമാണ്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെതിരെ സംസാരിക്കുമ്പോഴെല്ലാം എന്റെ പങ്കാളിക്ക് ആദായനികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിക്കും. ഓരോ തവണയും ലഭിക്കുന്ന നോട്ടീസുകള്‍ക്കെല്ലാം അദ്ദേഹം വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. പക്ഷെ സര്‍ക്കാരിന്റെ പതിവ് നടപടി തുടരുകയാണ്,’ എന്നാണ് സുപ്രിയ സുലെ മാധ്യമങ്ങളോട് പറഞ്ഞു.

വഖഫ് നിയമഭേദഗതിയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ എന്‍.സി.പി അജിത് പവാര്‍ വിഭാഗം പ്രതിനിധികളും ലോക്സഭയില്‍ നിന്ന് കാണാതായെന്നും സുപ്രിയ സുലെ പറഞ്ഞു. വഖഫ് വിഷയത്തില്‍ ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയും അജിത് പവാറിന്റെ എന്‍.സി.പിയും ഒരേ നിലപാടാണോ പുലര്‍ത്തുന്നതെന്നും സുപ്രിയ സുലെ ചോദിച്ചു.

ജി.എസ്.ടി കൗണ്‍സില്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നതിനും സംസ്ഥാന ധനമന്ത്രി അജിത് പവാറിനെ സുപ്രിയ വിമര്‍ശിക്കുകയുണ്ടായി. സംസ്ഥാന ധനമന്ത്രി ഇത്തരത്തിലുള്ള യോഗങ്ങളില്‍ പങ്കെടുക്കുകയും നികുതി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, സാമ്പത്തിക പ്രശ്‌നങ്ങളെ സംസ്ഥാനം എങ്ങനെ നേരിടുമെന്നും എം.പി ചോദിച്ചു. സംസ്ഥാനത്തെ 288 നിയമസഭാ സീറ്റുകളിലേക്ക് ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രിയ സുലെയുടെ വിമര്‍ശനം.

കഴിഞ്ഞ ദിവസം തന്റെ ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയ സുപ്രിയ, ഇതിന് പിന്നില്‍ ബി.ജെ.പി സര്‍ക്കാരിന്റെ കൈകളുണ്ടോയെന്ന് സംശയിക്കുന്നതായും പ്രതികരിച്ചു.

Content Highglight: Supriya Sule, the leader of NCP has criticized the central government

We use cookies to give you the best possible experience. Learn more