പൂനെ: കോണ്‍ഗ്രസുമായി ഒരു തരത്തിലുമുള്ള ബന്ധത്തിനുമില്ലെന്ന് എന്‍.സി.സി. ഭാവിയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും ലയിക്കുമെന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവനയ്ക്കായിരുന്നു പാര്‍ട്ടിയുടെ മറുപടി.
കോണ്‍ഗ്രസുമായി യാതൊരു തരത്തിലുള്ള സഖ്യത്തിനും തങ്ങള്‍ ഇല്ലെന്നും കോണ്‍ഗ്രസുമായുള്ള ലയനം തങ്ങളുടെ അജണ്ടയിലില്ലെന്ന് നേരത്തെ തന്നെ ശരദ് പവാര്‍ വ്യക്തമാക്കിയതെന്നും മകളും എം.പിയുമായ സുപ്രിയ സുലെ പറഞ്ഞു.
കോണ്‍ഗ്രസും എന്‍.സി.പിയും ഒരേ പ്രത്യയശാസ്ത്ര വീക്ഷണത്തില്‍പ്പെട്ടവരാണെന്നും ഇരു പാര്‍ട്ടികളും ഇപ്പോള്‍ ക്ഷീണിതരാണെന്നും അതുകൊണ്ട് തന്നെ ഒന്നിച്ചുമുന്നോട്ടുപോകാനാണ് തീരുമാനമെന്നുമായിരുന്നു പ്രചരണ റാലിയില്‍ പങ്കെടുക്കവേ ഷിന്‍ഡെ പറഞ്ഞത്.
പ്രസ്താവന വന്ന് രണ്ട് ദിവസം പിന്നിടുമ്പോഴാണ് വാഗ്ദാനം തള്ളി എന്‍.സി.പി രംഗത്തെത്തിയത്.
കോണ്‍ഗ്രസുമായുള്ള ലയനം ഇരു പാര്‍ട്ടികളെയും സഹായിക്കുമോയെന്ന ചോദ്യത്തിന് ”എനിക്ക് അവരുടെ വഴിയിലേക്ക് പോകേണ്ട ആവശ്യമില്ല എന്നായിരുന്നു സുപ്രിയ സുലെയുടെ മറുപടി.
ഞാന്‍ എന്തിന് അതോര്‍ത്ത് ആശങ്കപ്പെടണം. ഞാന്‍ ആ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നില്ലെങ്കില്‍, അവരുമായുള്ള ബന്ധത്തെകുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലല്ലോ എന്നും സുലെ ചോദിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നത എന്‍.സി.പിയെ സ്വാധീനിക്കുമെന്ന ചോദ്യവും സുപ്രിയ സുലെ തള്ളി. വിയോജിപ്പ് ജനാധിപത്യത്തിന്റെ ഭാഗമാണ്, ഇത്രയും പഴയ പാര്‍ട്ടിയിലെ ഒന്നോ രണ്ടോ ആളുകള്‍ എന്തെങ്കിലും പറയുന്നു. അത് വളരെ പ്രസക്തമാണെന്ന് ഞാന്‍ കരുതുന്നില്ല.
കോണ്‍ഗ്രസ് ഹൗസിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ക്രമത്തിലാണ്. അവര്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടിവരും, അത് എനിക്കറിയില്ല. എന്തായാലും ഞങ്ങള്‍ക്ക് വളരെ ആത്മവിശ്വാസമുണ്ട്, കോണ്‍ഗ്രസുമായി പ്രവര്‍ത്തിച്ചതിലും വളരെ സന്തോഷമുണ്ട്. – സുലെ പറഞ്ഞു.
കോണ്‍ഗ്രസിനെക്കുറിച്ചുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ അഭിപ്രായങ്ങള്‍ അവരുടെ ആഭ്യന്തര പ്രശ്നമാണെന്നും സുപ്രിയ സുലെ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ രാജി പാര്‍ട്ടിയില്‍ ശൂന്യത സൃഷ്ടിച്ചിട്ടുണ്ടെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്നും ഖുര്‍ഷിദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഒരു വലിയ പാര്‍ട്ടിയിലെ ഒരാള്‍ക്ക് ഒരു പ്രത്യേക കാര്യം തോന്നുന്നുവെങ്കില്‍, അതില്‍ ഞാന്‍ എന്ത് പറയാനാണ്. കാര്‍ഷിക പ്രതിസന്ധി പോലെ എന്റെ സംസ്ഥാനവുമായോ അത് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുമായോ ഇതിന് യാതൊരു ബന്ധവുമില്ല- എന്നായിരുന്നു സുലെ പ്രതികരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറാത്തി തീരുമാനങ്ങളെക്കുറിച്ച് ജനങ്ങളോട് പറയുക മാത്രം ചെയ്യുന്ന ഒരു വെറും പരിഭാഷകന്‍ മാത്രമാണ്
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസെന്നും സുപ്രിയ സുലെ പറഞ്ഞു. അയാള്‍ക്ക് പ്രത്യേക ജോലിയൊന്നും ഇല്ല. പ്രധാനമന്ത്രി മോദി കേന്ദ്രത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ ഹിന്ദിയില്‍ നിന്നും മറാത്തിയിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് അദ്ദേഹത്തിന്റെ പ്രധാന ജോലിയെന്നും സുലെ പറഞ്ഞു. ഒക്ടോബര്‍ 21 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പൊരുതാന്‍ തങ്ങളുടെ പാര്‍ട്ടി തയ്യാറാണെന്നും സുലെ വ്യക്തമാക്കി.
കോണ്‍ഗ്രസും എന്‍.സി.പിയും രണ്ട് വ്യത്യസ്ത പാര്‍ട്ടികളാണെങ്കില്‍ കൂടി ഇരു പാര്‍ട്ടികളും ഭാവിയില്‍ ഒന്നുക്കുമെന്നായിരുന്നു ഷിന്‍ഡെ കഴിഞ്ഞ ദിവസം പറഞ്ഞത്. അവരും ഞങ്ങളും ക്ഷീണിതരാണെന്നും താനും ശരത് പവാറും ഒരേ വൃക്ഷത്തിന്റെ കീഴിലാണ് വളര്‍ന്നതെന്നും ശരത് പവാര്‍ ഇതിനെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ലെന്നും സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞിരുന്നു.