മുംബൈ: അജിത് പവാര്‍ ബി.ജെ.പിയുമായി സഖ്യത്തിലെത്തിയതില്‍ പ്രതികരണവുമായി എന്‍.സി.പി നേതാവും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ വീണ്ടും. മഹാരാഷ്ട്രയില്‍ ശരത് പവാര്‍ പൊരുതുന്നത് യഥാര്‍ത്ഥ മറാത്ത യോദ്ധാവിനെ പോലെയാണെന്ന് സുപ്രിയ കുറിച്ചു.
വാട്സാപ്പ് സ്റ്റാറ്റസിലൂടെയായിരുന്നു സുപ്രിയയുടെ പ്രതികരണം. കുടുംബത്തിലെ വിശ്വാസ വഞ്ചകര്‍ക്കെതിരെ ഈ പ്രായത്തിലും പവാര്‍ പോരാടുന്നുവെന്നും സുപ്രിയ പറയുന്നു. പവാറിന്റെ നേതൃത്വത്തിനു കീഴില്‍ അഭിമാനമുള്ള മകളും പ്രവര്‍ത്തകയുമാണ് താനെന്നും സുപ്രിയ കുറിച്ചു.
‘അദ്ദേഹം ഒരുപക്ഷേ വിജയിച്ചേക്കാം, ഒരുപക്ഷേ പരാജയപ്പെട്ടേക്കാം. പക്ഷേ, ശരത് പവാര്‍ ഈ യുദ്ധത്തില്‍ പൊരുതുന്നത് യഥാര്‍ത്ഥ മാറാത്ത യോദ്ധാവിനെ പോലെയാണ്. ക്രൂരരായ മോദി-അമിത് ഷാ ശക്തിക്കെതിരെയും കുടുംബത്തിലെ വിശ്വാസ വഞ്ചകര്‍ക്കെതിരെയും ഈ പ്രായത്തിലും ആരോഗ്യാവസ്ഥയിലും അദ്ദേഹം പോരാടുന്നു. ഇത്തരത്തിലുള്ള ഒരു ദൃഢനിശ്ചയത്തെ കുറിച്ച് നേരത്തെ കേട്ടിട്ടില്ല.’ സുപ്രിയ കുറിച്ചു.
നേരത്തെ, തന്റെ കുടുംബം വഞ്ചിക്കപ്പെട്ടെന്നും അജിത്ത് പവാര്‍ തന്റെ അച്ഛനെ വഞ്ചിച്ചെന്നും സുപ്രിയ പറഞ്ഞതായി മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്ത് ട്വീറ്റ് ചെയ്തിരുന്നു. പാര്‍ട്ടിയും കുടുംബവും വിഭജിക്കപ്പെട്ടു’ എന്ന ഒറ്റവരി പ്രതികരണവും സുപ്രിയ നടത്തിയിരുന്നു.
അതേസമയം, ദേവേന്ദ്ര ഫഡ്നാവിസിന്റെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ ഹരജി പരിഗണിക്കുന്ന കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് നാളത്തേക്ക് മാറ്റിയത്. നാളെ 10:30 നാണ് കേസ് പരിഗണിക്കുക.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസക്കാലത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. എന്‍.സി.പി നേതാവ് അജിത്ത് പവാറിന്റെ പിന്തുണയോടെയായിരുന്നു സത്യപ്രതിജ്ഞ. അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു.