ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി യു.എ.പി.എ ബില്ലിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ലോക്‌സഭയില്‍ എടുത്ത് പറഞ്ഞ് എന്‍.സി.പി എം.പി സുപ്രിയ സുലെ. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്ന് പറഞ്ഞ് മോദി ബില്ലിനെ എതിര്‍ത്ത കാര്യമാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.
ഈ വിഷയത്തില്‍ മോദി വിശദീകരണം നല്‍കണമെന്നും സുലെ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. യു.എ.പി.എ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം.
യു.പി.എ കാലഘട്ടത്തിന്റെ പദ്ധതികളെ പുനരാവിഷ്‌കരിക്കുകയാണ് തങ്ങളെന്ന ബോധ്യമെങ്കിലും ഇപ്പോഴത്തെ സര്‍ക്കാറിന് ഉണ്ടായിരിക്കുന്നത് നല്ലതാണെന്നും അവര്‍ പറഞ്ഞു. ‘അങ്ങനെയാണെങ്കില്‍ പി. ചിദംബത്തിന് നന്ദിയെങ്കിലും പറയാമായിരുന്നു’ എന്നും സുലെ പരിഹസിച്ചു.
സംഘടനകള്‍ക്കു പുറമേ വ്യക്തികളെയും ഭീകരതയുടെ പേരില്‍ കരിമ്പട്ടികയില്‍പ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയ്ക്കും സര്‍ക്കാറിനും വിപുലമായ അധികാരം നല്‍കുന്നതാണ് നിയമഭേദഗതി ബില്‍.
ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്റെ സഹായമോ ഇടപെടലോ കൂടാതെ തന്നെ എന്‍.ഐ.എയ്ക്ക് കണ്ടുകെട്ടാം. ഭീകരത കേസുകളില്‍ അന്വേഷണ അധികാരം ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ളുവര്‍ക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ക്കു വിട്ടുകൊടുക്കുന്നതുകൂടിയാണ് നിയമഭേദഗതി ബില്‍.