| Saturday, 10th June 2023, 3:15 pm

സുപ്രിയ സുലെയും പ്രഫുല്‍ പട്ടേലും എന്‍.സി.പി വര്‍ക്കിങ് പ്രസിഡന്റുമാര്‍; പ്രഖ്യാപനം നടത്തി ശരദ് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുബൈ: എന്‍.സി.പിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരായി സുപ്രിയ സുലെയും പ്രഫുല്‍ പട്ടേലിനെയും ശരദ് പവാര്‍ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ 25-ാം വാര്‍ഷികത്തിലാണ് ശരദ് പവാര്‍ പ്രഖ്യാപനം നടത്തിയത്. 1999 ല്‍ പി.എ സാങ്മയും ശരദ് പവാറും ചേര്‍ന്നാണ് എന്‍.സി.പി രൂപീകരിക്കുന്നത്. അജിത്ത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം നടന്നത്.

സുപ്രിയ സുലെക്ക് മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ ചുമതല നല്‍കി. മധ്യപ്രദേശ്, ഗോവ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ ചുമതല പ്രഫുല്‍ പട്ടേലും വഹിക്കും.

എന്‍.സി.പി ജനറല്‍ സെക്രട്ടറി സുനില്‍ തത്കറെക്ക് ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ചുമതലയും കര്‍ഷക ന്യൂനപക്ഷ വകുപ്പിന്റെ ചുമതലും നല്‍കും. ദല്‍ഹിയിലെ പാര്‍ട്ടി അധ്യക്ഷനായി നന്ദ ശാസ്ത്രിയെയും അദ്ദേഹം പ്രഖ്യാപിച്ചു. ലോക്‌സഭ കോഡിനേഷന്‍ ചുമതലയും സുപ്രിയക്ക് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസം ശരദ് പവാര്‍ എന്‍.സി.പി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍
നേതൃസ്ഥാനത്ത് തുടരാന്‍ പവാറിനോട് അഭ്യര്‍ഥിച്ച് മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം പ്രമേയം പാസാക്കുകയും എന്‍.സി.പി അധ്യക്ഷ സ്ഥാനത്ത് നിന്നുളള അദ്ദേഹത്തിന്റെ രാജി തള്ളുകയും ചെയ്തു. ഇതിന് പിന്നാലെ പവാര്‍ രാജി പിന്‍വലിക്കുകയായിരുന്നു.

‘പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തോട് അവമതിപ്പ് കാണിക്കാനാകില്ല. നിങ്ങളുടെ സ്നേഹവും മുതിര്‍ന്ന എന്‍.സി.പി നേതാക്കള്‍ പാസാക്കിയ പ്രമേയവും ഞാന്‍ മാനിക്കുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍.സി.പി) ദേശീയ പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള എന്റെ തീരുമാനം ഞാന്‍ പിന്‍വലിക്കുന്നു’, എന്നായിരുന്നു പവാര്‍ പറഞ്ഞത്.

Content Highlight: Supriya Sule and praful patel will be new NCP working president

Latest Stories

We use cookies to give you the best possible experience. Learn more