ന്യൂദല്‍ഹി: ‘സംവിധാന്‍ ഹത്യ’ എന്ന ബി.ജെ.പി പ്രയോഗം ഒത്തുപോകുന്നതല്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. ഭരണഘടനയെ കൊലപ്പെടുത്തുന്നതിനായി ആരും തന്നെ ഇന്ത്യയില്‍ ജനിച്ചിട്ടില്ലെന്ന് സുപ്രിയ പറഞ്ഞു. ജൂണ്‍ 25 ഇനിമുതല്‍ ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിഞ്ജാപനമിറക്കിയതിന് പിന്നാലെയാണ് സുപ്രിയയുടെ പ്രതികരണം.
കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സംസാരിക്കേണ്ടത് അഗ്‌നിവീര്‍, മണിപ്പൂര്‍, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ വിഷയങ്ങളെ കുറിച്ചായിരിക്കണം. എന്നാല്‍ ഭരണഘടന മാറ്റിയെഴുതാനുള്ള ഗൂഢാലോചന പരാജയപ്പെട്ടതോടെ ബി.ജെ.പി അവതാളത്തിലായി. എന്‍.ഡി.എ സര്‍ക്കാരിന്റെ ഗൂഢാലോചന രാജ്യത്തെ ജനങ്ങള്‍ തുറന്നുകാട്ടിയെന്നതാണ് യാഥാര്‍ഥ്യമെന്നും സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ കൊലപാതകത്തെ കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. അതേസമയം നിങ്ങള്‍ എന്തുകൊണ്ടാണ് രാജ്യത്ത് തൊഴില്‍-കര്‍ഷക-സ്ത്രീ സുരക്ഷാ കൊലപാതക ദിനങ്ങള്‍ ആചരിക്കാത്തതെന്നും സുപ്രിയ ശ്രീനേറ്റ് ചോദിച്ചു.
ഭരണഘടന തിരുത്തിക്കുറിക്കുമെന്ന് പറഞ്ഞ മോദി മന്ത്രിസഭയിലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായില്ല. പുതിയ വിജ്ഞാപനങ്ങള്‍ കൊണ്ടുവന്ന് സുപ്രധാന വിഷയങ്ങളില്‍ നിന്ന് ജനങ്ങളെ വഴിതിരിച്ചുവിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവായ ഷായാര്‍ ഇമ്രാന്‍ പറഞ്ഞു.
ജൂണ്‍ നാല് ഇന്ത്യയിലെ ജനങ്ങള്‍ മോദി വിമുക്ത ദിനമായി ആചരിച്ചു. ആയതിനാല്‍ ബി.ജെ.പി സര്‍ക്കാര്‍ ആചരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ത് വിഷയമാണെങ്കിലും അതില്‍ കാര്യമില്ലെന്നും ഷായാര്‍ ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Supriya Shrinate said that BJP’s term ‘Samvidhan Hatya’ is not correct