| Thursday, 26th January 2023, 10:26 am

ഞാനും അല്ലിയും അന്ന് മരണത്തിന്റെ വക്കില്‍ വരെയെത്തി, എല്ലാം ശരിയാകാന്‍ രണ്ട് വര്‍ഷം വേണ്ടി വന്നു: സുപ്രിയ മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡെലിവറി സമയത്ത് താന്‍ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും പറയുകയാണ് സുപ്രിയ മേനോന്‍. ഡെലിവറി സമയത്ത് പൃഥ്വിരാജിന് ചില ഷൂട്ടിങ് തിരക്കുകള്‍ വന്നപ്പോള്‍ കൂടെയുണ്ടായിരുന്നത് തന്റെ അച്ഛനും അമ്മയുമായിരുന്നെന്നും ഡെലിവറിക്ക് ശേഷം തനിക്ക് ഒരുപാട് മാനസിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നെന്നും സുപ്രിയ പറഞ്ഞു.

ഡെലിവറിക്ക് ശേഷമുള്ള ആദ്യത്തെ രണ്ട് വര്‍ഷം തനിക്ക് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനായിരുന്നു എന്നും പുറത്ത് പോകാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും സുപ്രിയ പറഞ്ഞു. ഐ.ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുപ്രിയ.

‘ഞാന്‍ ആറ് മാസം ഗര്‍ഭിണിയായിരുന്ന സമയത്ത് പൃഥ്വിക്ക് ഷൂട്ടിന്റെ ആവശ്യത്തിനായി പുറത്ത് പോകേണ്ടി വന്നു. അന്ന് എന്നെ നോക്കാന്‍ ആരും വീട്ടിലുണ്ടായിരുന്നില്ല. ഒരു സ്റ്റാഫ് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. എന്നെ അവിടെ ഒറ്റക്ക് നിര്‍ത്തിപോകാന്‍ പൃഥ്വിക്ക് പേടിയായിരുന്നു. അതുകൊണ്ട് പൃഥ്വി തന്നെ എന്റെ അച്ഛനെയും അമ്മയേയുെം വിളിച്ച് കുറച്ച് നാള്‍ എറണാകുളത്ത് നിക്കാമോയെന്ന് ചോദിച്ചു.

എന്നെ ഡെലിവറിക്ക് വീട്ടില്‍ വിടാന്‍ പൃഥ്വിക്ക് താല്‍പര്യമില്ലായിരുന്നു. എറണാകുളത്ത് തന്നെ ഡെലിവറി നടത്തണമെന്ന് പൃഥ്വിക്ക് നിര്‍ബന്ധമായിരുന്നു.

നീ പോകണ്ട, ഇവിടെ നില്‍ക്കാമോയെന്ന് പൃഥ്വി എന്നോട് ചോദിച്ചിരുന്നു. എന്നെ നോക്കാന്‍ വന്ന അച്ഛനും അമ്മയും അലംകൃത ഉണ്ടായതിനുശേഷം പിന്നെ തിരിച്ച് പോയിട്ടില്ല. അല്ലി ജനിച്ച് ഏതാണ്ട് ഇരുപത് ദിവസം കഴിഞ്ഞപ്പോള്‍ പൃഥ്വി ഷൂട്ടിങ്ങിന് പോയി. അല്ലിയും എന്റെ അച്ഛനെയും അമ്മയെയും മമ്മി, ഡാഡി എന്ന് തന്നെയാണ് വിളിക്കുന്നത്.

കുഞ്ഞ് ജനിച്ചതിന് ശേഷം എനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പുറത്തേക്കൊന്നും പോകാന്‍ പോലും കഴിഞ്ഞിരുന്നില്ല. രണ്ട് വര്‍ഷം പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനായിരുന്നു. അതിന്റെ കൂടെ ക്ലിനിക്കല്‍ ഡിപ്രഷനുമുണ്ടായിരുന്നു. അതിനുശേഷം തെറാപ്പിയൊക്കെ ചെയ്തു. എന്റെ ഡെലിവറി കോംപ്ലിക്കേറ്റഡായിരുന്നു. അല്ലിയും ഞാനും മരണത്തിന്റെ വക്കില്‍ വരെ എത്തിയിരുന്നു,’ സുപ്രിയ പറഞ്ഞു.

content highlight: supriya menon talks about her pregnetncy

We use cookies to give you the best possible experience. Learn more