ദല്‍ഹിയില്‍ വളര്‍ന്നതിനാല്‍ മലയാളസിനിമകള്‍ അധികം കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് സുപ്രിയ മേനോന്‍. ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന മലയാളസിനിമകള്‍ ഹിസ് ഹൈനസ് അബ്ദുള്ളയും, വാനപ്രസ്ഥവുമാണെന്നും സുപ്രിയ പറഞ്ഞു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അവധിക്കാലത്ത് പാലക്കാടുള്ള തറവാട്ടില്‍ പോകുന്ന സമയത്തും കൂടുതലായി കാണാറുള്ളത് തമിഴ് സിനിമകളായിരുന്നെന്നും സുപ്രിയ പറഞ്ഞു.
സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ഹിസ് ഹൈനസ് അബ്ദുള്ള കണ്ടതെന്നും അതിലെ പാട്ടുകളാണ് തന്നെ ആകര്‍ഷിച്ചതെന്നും സുപ്രിയ പറഞ്ഞു. കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു ഫിലിം ഫെസ്റ്റിവലിനാണ് വാനപ്രസ്ഥം കണ്ടതെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു. സിനിമയെപ്പറ്റി അധികം അറിവുകളൊന്നും ആ സമയത്ത് ഇല്ലായിരുന്നെങ്കിലും ആ സിനിമ തന്നെ അത്ഭുതപ്പെടുത്തിയെന്നും സുപ്രിയ പറഞ്ഞു.
‘കുട്ടിക്കാലം മുഴുവന്‍ ദല്‍ഹിയിലായതിനാല്‍ മലയാള സിനിമകള്‍ അധികം കാണാന്‍ പറ്റിയിട്ടില്ല. സമ്മര്‍ വെക്കേഷന് നാട്ടിലെത്തുമ്പോഴാണ് സിനിമകള്‍ കാണാന്‍ പോകുന്നത്. ദല്‍ഹിയില്‍ വെച്ച് ഒരൊറ്റ മലയാളസിനിമ കണ്ട ഓര്‍മ മാത്രമേ എനിക്കുള്ളൂ. ഹിസ് ഹൈനസ് അബ്ദുള്ളയായിരുന്നു അത്. അന്ന് അതിലെ പാട്ടുകള്‍ എന്നെ വല്ലാതെ അട്രാക്റ്റ് ചെയ്തു .ആ സമയത്ത് അമ്മയുടെ കൈയിലുണ്ടായിരുന്ന കാസറ്റ് പ്ലെയറില്‍ അതിലെ പാട്ടുകള്‍ എപ്പോഴും കേള്‍ക്കുമായിരുന്നു.
പിന്നെ ദല്‍ഹിയില്‍ വെച്ച് കണ്ട മലയാള സിനിമ വാനപ്രസ്ഥമാണ്. കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഒരു ഫിലിം ഫെസ്റ്റിനാണ് ആ സിനിമ കാണുന്നത്. സിനിമയെപ്പറ്റിയൊന്നും വലിയ നോളേജ് ഇല്ലാത്ത സമയത്ത് കണ്ടപ്പോള്‍ പോലും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ സിനിമയായിരുന്നു അത്,’ സുപ്രിയ പറഞ്ഞു.
Content Highlight: Supriya Menon saying she felt wow after watching Vanaprastham