കോഴിക്കോട്: ചലച്ചിത്ര നിര്‍മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോനെതിരെ വിദ്വേഷ പരമാര്‍ശവുമായി ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണന്‍. സുപ്രിയ അര്‍ബന്‍ നക്‌സല്‍ ആണെന്നും മല്ലിക സുകുമാരന്‍ അഹങ്കാരിയായ മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നുമാണ് ഗോപാലകൃഷ്ണന്റെ പരാമര്‍ശം.
കഴിഞ്ഞ ദിവസം പൃഥിരാജിനെതിരായ ആക്രമണത്തില്‍ അദ്ദേഹത്തെ പിന്തുണച്ച് മല്ലിക സുകുമാരന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി നേതാവിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റില്‍ മേജര്‍ രവി കാര്യങ്ങള്‍ ആലോചിക്കാതെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശെരിയാണോയെന്ന് മല്ലിക സുകുമാരന്‍ ചോദിച്ചിരുന്നു.
ഇത് ചൂണ്ടിക്കാട്ടിയ ഗോപാലകൃഷണന്‍ മേജര്‍ രവിയെ പരോക്ഷമായും മോഹന്‍ലാലിനെ പ്രത്യക്ഷമായും മല്ലിക സുകുമാരന്‍ എതിര്‍ത്ത് പറഞ്ഞു. ഇക്കാര്യങ്ങള്‍ നിങ്ങളുടെ വീട്ടിലെ മരുമകളായ പൃഥ്വിരാജിന്റെ ഭാര്യയോട് പറയണമെന്നും അര്‍ബന്‍ നക്‌സലായ അവര്‍ നാട്ടിലെ ജനങ്ങളോട് തരത്തില്‍ പോയി കളിക്കെടാ, തന്റെ ഭര്‍ത്താവിനോട് വേണ്ട എന്ന് പറഞ്ഞതായും ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായിഅമ്മ ശ്രമിക്കണ്ടേതെന്നാണ് ബി.ജെ.പിക്ക് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മോഹന്‍ലാല്‍ എല്ലാം അറിഞ്ഞിട്ടാണ് ചെയ്തതെന്ന കാര്യം മേജര്‍ രവി മനസിലാക്കണമെന്നും മേജര്‍ രവിയെ പരോക്ഷമായും മോഹന്‍ലാലിനെ പ്രത്യക്ഷമായും എതിര്‍ത്താണ് മല്ലിക സുകുമാരന്‍ പറഞ്ഞത്. നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ പൃഥ്വിരാജിന്റെ ഭാര്യ, അര്‍ബന്‍ നക്‌സല്‍ അവര്‍ നാട്ടിലെ ജനങ്ങളോടേ് പറഞ്ഞത് തരത്തില്‍ പോയി കളിക്കെടാ എന്റെ ഭര്‍ത്താവിനോട് വേണ്ട എന്നാണ്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായിഅമ്മ ശ്രമിക്കണ്ടേതെന്നാണ് ബി.ജെ.പിക്ക് പറയാനുള്ളത്,’ ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
എമ്പുരാനിലെ ഗുജറാത്ത് കലാപത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളില്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയായാണ് മല്ലിക സുകുമാരന്‍ ഇന്നലെ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. മോഹന്‍ലാലിന്റെ അറിവില്ലാതെ സ്‌ക്രിപ്റ്റില്‍ മനഃപൂര്‍വം വിവാദരംഗങ്ങള്‍ പൃഥ്വിരാജ് കുത്തിക്കയറ്റി, പൃഥ്വിരാജിന് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ട് തുടങ്ങി നിരവധി ആരോപണങ്ങള്‍ പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.
എന്നാല്‍ പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ലെന്നും അയാളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് കാണാന്‍ കഴിയില്ലെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹന്‍ലാലോ ആന്റണി പെരുമ്പാവൂരോ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഇനി അങ്ങനെ പറയില്ലെന്ന് തനിക്ക് ഉറപ്പാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Supriya Menon is an urban Naxal; Mallika Sukumaran should stop her daughter-in-law, says B. Gopalakrishnan