| Monday, 23rd August 2021, 6:26 pm

പൃഥ്വിരാജിന്റെ ഭാര്യ എന്ന പദവിയുള്ളതുകൊണ്ട് എനിക്ക് എളുപ്പമായിരുന്നു, സിനിമാ പാരമ്പര്യം ഇല്ലാത്ത സ്ത്രീകള്‍ക്ക് ഇവിടെ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്: സുപ്രിയ മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമരംഗത്തേക്ക് കടന്നുവന്ന സുപ്രിയ മേനോന്‍ ഈ മേഖലയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ്. വനിതാ നിര്‍മാതാക്കള്‍ കുറവായ സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചും സുപ്രിയ സംസാരിച്ചു.

പദവികളോ സിനിമാ പാരമ്പര്യമോ ഇല്ലാത്ത സ്ത്രീകള്‍ക്ക് ഈ മേഖലയില്‍ പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് സുപ്രിയ പറയുന്നത്. റേഡിയോ മാംഗോ സ്പോട്ട് ലൈറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സിനിമയില്‍ സ്ത്രീ നിര്‍മാതാവ് എന്ന നിലയില്‍ സംഘര്‍ഷങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് സുപ്രിയ മറുപടി നല്‍കിയത്. തനിക്ക് വലിയ സംഘര്‍ഷങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവമെന്ന് സുപ്രിയ പറയുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ ഭാര്യ എന്ന പദവിയുളളതുകൊണ്ടാണ് തന്റെ വഴി എളുപ്പമായതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം ഈ പ്ലാറ്റ്ഫോം താന്‍ നന്നായി ഉപയോഗിക്കുന്നുണ്ടെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ പദവികളോ സിനിമാ പാരമ്പര്യമോ ഇല്ലാത്ത സ്ത്രീകള്‍ക്ക് സിനിമയില്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ പറയുന്നുണ്ട്. ഇനിയും സ്ത്രീകള്‍ സിനിമയുടെ അണിയറയിലേക്ക് വരണമെന്നാണ് സുപ്രിയ ആവശ്യപ്പെടുന്നത്.

ഈ മഹാമാരിക്കിടയിലും ഒരു സിനിമ നിര്‍മിക്കാന്‍ കഴിഞ്ഞത് തന്റെ ആത്മവിശ്വാസം കൂട്ടിയെന്ന് അവര്‍ പറയുന്നു. വളരെ ഇഷ്ടപ്പെട്ട് ചെയ്യുന്നതിനാല്‍ സിനിമ സുപ്രിയയ്ക്ക് ഒട്ടും മടുപ്പിക്കുന്ന പണിയല്ല.

‘കൊവിഡ് സമയത്ത് കുരുതി ഷൂട്ട് ചെയ്യുമ്പോള്‍ വല്ലാത്തൊരു സമ്മര്‍ദം അനുഭവിച്ചിരുന്നു. ആര്‍ക്കെങ്കിലും കൊവിഡ് വന്നാല്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വരുമല്ലോ എന്നായിരുന്നു ടെന്‍ഷന്‍.

എല്ലാവരേയും മാസ്‌ക് വെക്കാനും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനും നിരന്തരമായി ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. അവസാനം എന്നെ കാണുമ്പോള്‍ മാസ്‌ക് ഉണ്ടെന്ന് എല്ലാവരും വിളിച്ചു പറയുന്ന സ്ഥിതിയായിരുന്നു,’ സുപ്രിയ ഓര്‍മകള്‍ പങ്കുവെച്ചു.

ജേര്‍ണലിസമാണ് തന്റെ പാഷനെന്നും ഇപ്പോള്‍ സിനിമയും ആ ഗണത്തിലേക്ക് മാറിയെന്നും സുപ്രിയ പറയുന്നു. ജേര്‍ണലിസത്തില്‍ നിന്നും പഠിച്ച ചിട്ടയും ശീലവുമെല്ലാം നിര്‍മാതാവായപ്പോള്‍ തനിക്ക് ഗുണകരമായെന്ന് സുപ്രിയ സൂചിപ്പിക്കുന്നുണ്ട്.

ഒരു കോര്‍പ്പറേറ്റ് സ്വഭാവം തങ്ങളുടെ പ്രൊഡക്ഷനില്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ടെന്ന് അവര്‍ പറയുന്നു. പൃഥ്വിരാജ് അല്ലാതെ വേറൊരു നായകന്‍ ഉളള സിനിമ നിര്‍മിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് ഈ വര്‍ഷമവസാനം ഒരു സര്‍പ്രൈസ് പ്രതീക്ഷിക്കാമെന്നാണ് സുപ്രിയ മറുപടി നല്‍കുന്നത്.

തന്റെ പ്രൊഡക്ഷന്‍ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മൂന്ന് ചിത്രങ്ങളാണ് സുപ്രിയ ഇതിനോടകം നിര്‍മിച്ചത്. നയന്‍, ഡ്രൈവിംഗ് ലൈസന്‍സ്, 2021ല്‍ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത കുരുതി എന്നിവയാണ് സുപ്രിയ നിര്‍മിച്ച സിനിമകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Supriya Menon about women in cinema production and struggles

We use cookies to give you the best possible experience. Learn more