പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വിവാഹത്തിന് ശേഷം ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകളും വിദ്വേഷ പ്രചരണങ്ങളും നടന്നിരുന്നു. ആ സംഭവങ്ങളെ കുറിച്ച് ഐ.ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് സംസാരിക്കുകയാണ് സുപ്രിയ മേനോന്‍.
തന്റെ ഫിസിക്കല്‍ അപ്പിയറന്‍സിനെ വരെ കുറ്റപ്പെടുത്തി കൊണ്ടുള്ള കമന്റുകള്‍ അന്നൊക്കെ വന്നിരുന്നെന്നും പല കമന്റുകളും പക വീട്ടുന്നത് പോലെയായിരുന്നു എന്നും സുപ്രിയ പറഞ്ഞു. തന്നെ കണ്ടിട്ടില്ലാത്ത ആളുകള്‍ പോലും മോശം ഭാഷയിലാണ് സംസാരിച്ചിരുന്നതെന്നും താന്‍ കാരണം പൃഥ്വിരാജിനെതിരെ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് പോലും ചിന്തിച്ചിരുന്നെന്നും അവര്‍ പറഞ്ഞു.
‘വിവാഹം കഴിഞ്ഞ സമയത്തൊന്നും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവായിരുന്നില്ല. എങ്കിലും ചുറ്റിലും നടക്കുന്ന കാര്യങ്ങളൊക്കെ എനിക്ക് അറിയാമായിരുന്നു. ആ സമയത്ത് വന്നിരുന്ന പല കമന്റുകളും പക വീട്ടുന്നത് പോലെയുള്ളതായിരുന്നു. ശരിക്കും പുറത്ത് ഒരു ക്യാമ്പയിന്‍ നടക്കുന്നത് പോലെ തോന്നിയിരുന്നു. പല കമന്റുകളും എന്റെ ഫിസിക്കല്‍ അപ്പിയറന്‍സുമായി ബന്ധപ്പെട്ടതായിരുന്നു.
പലരും മോശം ഭാഷയിലാണ് സംസാരിച്ചിരുന്നത്. നമുക്ക് സഭ്യമായും അസഭ്യമായും ഭാഷ ഉപയോഗിക്കാം. എന്നാല്‍ ഒരാളെ കുറിച്ച് പറയുമ്പോള്‍ ഉറപ്പായും സഭ്യമായ ഭാഷ തന്നെ ഉപയോഗിക്കണം. എന്നെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആളുകള്‍ പോലും അത്രയും മോശമായിട്ടാണ് സംസാരിച്ചിരുന്നത്. ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു അവര്‍ക്കൊക്കെ പറയാന്‍.
ഞാന്‍ കാരണം പൃഥ്വിയെ ഇങ്ങനെയൊക്കെ പറയണമായിരുന്നോ എന്നുവരെ തോന്നിയിരുന്നു. ആ സമയത്ത് ഞങ്ങളുടെ ഒരു അഭിമുഖം വന്നിരുന്നു. അതിന്റെ പല ഭാഗങ്ങളും വൈറലായിരുന്നു. അത് വെച്ചിട്ടാണ് ഹേറ്റ് ക്യാമ്പയിന്‍ നടത്തിയിരുന്നത്. എന്നെക്കാളും പ്രശ്നങ്ങള്‍ ഫേസ് ചെയ്തത് പൃഥ്വിയായിരുന്നു. പ്രധാനമായും കല്യാണത്തിന്റെ കാര്യം ആരോടും പറഞ്ഞില്ല എന്നായിരുന്നു പ്രശ്നം.
ഒരു വിവാഹമല്ലേ കഴിഞ്ഞത്. ഞങ്ങളുടെ രണ്ടുപേരുടെയും മാതാപിതാക്കള്‍ വിവാഹത്തിന് വന്നിരുന്നു, വേറെ ആരുടെ അടുത്താണ് ഇതൊക്കെ പറയേണ്ടത്. ഞങ്ങളുടെ ഇഷ്ടത്തിനല്ലേ ഇതൊക്കെ നടക്കേണ്ടത്. ഒരു വധു എന്ന നിലയില്‍ എനിക്ക് നല്ല പ്രഷര്‍ ഉണ്ടായിരുന്നു. ഒരു രജിസ്റ്റര്‍ വിവാഹം മതിയെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. പക്ഷെ മാതാപിതാക്കള്‍ സമ്മതിച്ചില്ല. കാരണം ഞാന്‍ ഒറ്റ മകളായിരുന്നു. പൃഥ്വിയുടെ അമ്മക്കും രജിസ്റ്റര്‍ മാരേജിനോട് താല്‍പര്യമില്ലായിരുന്നു,’ സുപ്രിയ പറഞ്ഞു.
content highlught: supriya menon about social media attack after marriage