പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്-പ്രഭാസ് കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് സലാർ. ചിത്രം കണ്ടിറങ്ങിയ സുപ്രിയ മേനോന്റെ പ്രതികരണങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. കെ.ജി.എഫിനെയും സലാറിനെയും താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയാണ് സുപ്രിയ മേനോൻ.
കെ.ജി.എഫിനെ താരതമ്യം ചെയ്യുമ്പോൾ സലാർ താഴ്ന്നു നിൽക്കുന്ന സിനിമയാണ് എന്നാണ് പൊതുവേ പറയുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് സുപ്രിയ മേനോൻ. സിനിമ ഉണ്ടാകുന്നത് ആളുകൾക്ക് വേണ്ടിയിട്ടാണെന്നും സലാർ താഴ്ന്നാണ് അവർക്ക് തോന്നുന്നെങ്കിൽ അതിൽ സങ്കടമുണ്ടെന്നും സുപ്രിയ പറഞ്ഞു. ആളുകൾക്ക് സിനിമ ഇഷ്ടമായില്ലെങ്കിൽ അത് കാണേണ്ടെന്നും സുപ്രിയ കൂട്ടിച്ചേർത്തു.
‘അത് ആളുകൾ പറയട്ടെ. സിനിമ ഉണ്ടാക്കുന്നത് ആളുകൾക്ക് വേണ്ടിയിട്ടല്ലേ. അവർക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ, അത് വളരെ സങ്കടമാണ്. പക്ഷേ അവർക്ക് ഇഷ്ടമായില്ലെങ്കിൽ കാണണ്ട. അത്രയല്ലേ പറയാൻ പറ്റുകയുള്ളൂ. എല്ലാത്തിനും അതിന്റെതായ ഡെസ്റ്റിനി ഉണ്ട്. കെ.ജി. എഫിന്റെ ഡെസ്റ്റിനി വേറെയായിരുന്നു.
ഇത് രണ്ടും ഒരേ ഡയറക്ടർ നിന്ന് വന്നതാണ്. അതുകൊണ്ടായിരിക്കും ഇങ്ങനെ താരതമ്യം ചെയ്യുന്നത്. ഇത് പ്രശാന്തിന്റെ ലോഗോയാണ് പ്രശാന്ത് കാണുന്ന കളർ പാലറ്റ്സും ടോണിങ്ങും എല്ലാം അതുപോലെ ആയിരിക്കും. അത്രയും ടെക്നിക്കൽ നോളജ് എനിക്കില്ല. എനിക്ക് തോന്നിയത് സലാർ വേറെ ഒരു സിനിമ, കെ.ജി.എഫ് വേറൊരു സിനിമ അങ്ങനെയാണ്,’ സുപ്രിയ പറഞ്ഞു.
പ്രഭാസിന്റെ അഭിനയമാണോ പൃഥ്വിരാജിന്റെ അഭിനയമാണോ ഇഷ്ടമായെതെന്ന ചോദ്യത്തിന് രണ്ടു പേരുടെയും അഭിനയം ഇഷ്ടമായെന്നും എന്നാൽ പൃഥ്വിരാജിനെയാണ് കൂടുതൽ ഇഷ്ടമായെതെന്നായിരുന്നു സുപ്രിയയുടെ മറുപടി.
സലാർ പ്രശാന്ത് നീലിന്റെ പടമാണെന്നും തങ്ങളെല്ലാം അതിന്റെ ചെറിയ ഭാഗമാണെന്നും സുപ്രിയ പറഞ്ഞു. താൻ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും പ്രശാന്തിനെ വിളിച്ചിട്ട് രണ്ടാം ഭാഗത്തിന്റെ കഥ ചോദിക്കണമെന്നും സുപ്രിയ കൂട്ടിച്ചേർത്തു. ചിത്രത്തിൽ സ്ത്രീകൾ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്നും സുപ്രിയ പറഞ്ഞു.
സലാറിൽ വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജെത്തുന്നത്. ശ്രുതി ഹാസൻ ആണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. തുടരെയുള്ള പരാജയങ്ങൾക്ക് ശേഷം പ്രഭാസിന് വിജയ പ്രതീക്ഷ നൽകുന്ന ചിത്രമാണ് സലാർ.
Content Highlight: Supriya menon about salar and KGF comparison