| Friday, 9th August 2024, 12:33 pm

ഹൈക്കോടതി ജഡ്ജിമാരായി വിരമിക്കുന്നവരുടെ പെന്‍ഷന്‍ തുക ഉയര്‍ത്തണമെന്ന് ചീഫ് ജസ്റ്റിസ്; കോടതിയില്‍ വികാരധീതനായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹൈക്കോടതി ജഡ്ജിമാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജീവിതകാലം മുഴുവന്‍ ജില്ലാ കോടതിയില്‍ ചെലവഴിച്ച് ഹൈക്കോടതി ജഡ്ജിമാരായി വിരമിക്കുന്നവര്‍ക്ക് പെന്‍ഷനായി ലഭിക്കുന്നത് വെറും 25000 രൂപയില്‍ താഴെയാണെന്ന് അഭിപ്രായപ്പെട്ട ചീഫ് ജസ്റ്റിസ് ഈ പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണമെന്നും ആവശ്യപ്പെട്ടു.

ഹൈക്കോടതി ജഡ്ജിമാരായി നിയമിതരാകുന്ന ജില്ലാ ജഡ്ജിമാരുടെ പെന്‍ഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അമിക്കസ് ക്യൂറി കെ പരമേശ്വര്‍ ഉന്നയിച്ച പരാതിയിന്മേലാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

‘ഒരായുഷ്‌കാലം മുഴുവന്‍ ജില്ലാ ജുഡീഷ്യറിയില്‍ ചെലവഴിച്ച്, ഹൈക്കോടതി ജഡ്ജിമാരായി വിരമിക്കുന്ന ജഡ്ജിമാര്‍ക്ക് പെന്‍ഷന്‍ തുകയായി ലഭിക്കുന്നത് 15000-25000 രൂപയാണ്. ഇത് വളരെ തുച്ഛമായ തുകയാണ്. എങ്ങനെയാണ് ഒരു റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിക്ക് ഈ തുക ഉപയോഗിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കുക?’ ചീഫ് ജസ്റ്റിസ് ചോദിച്ചു.

ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പെന്‍ഷന്‍ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചത്. ജില്ലാ ജഡ്ജിമാരുടെ സമൂഹത്തിലെ സ്ഥാനത്തിനനുസരിച്ച് പെന്‍ഷന്‍ തുക ഉയര്‍ത്തണമെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ വാദിച്ചു.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത് എന്നിവര്‍ കോടതിയില്‍ ഹാജരായി. ഇവരോട് ഈ വിഷയത്തില്‍ നീതി യുക്തമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട ചീഫ് ജസ്റ്റിസ് , ഈ കേസിന്റെ എന്താവശ്യത്തിനും കോടതിയുടെ ഔദ്യോഗിക ഓഫീസുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാമെന്നും അഭിപ്രായപ്പെട്ടു.

എന്നാല്‍ വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുന്ന ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് എ. ജി കോടതിയോട് ആവശ്യപ്പെട്ടിട്ടിണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വേഗം തന്നെ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ്, ഉദ്യോഗസ്ഥരോട സംസാരിക്കവെ വികാരധതീതനായി.

‘നിങ്ങള്‍ ഉദ്യോഗസ്ഥരുടെ വിഷമാവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഹൈക്കോടതി ജഡ്ജിമാരായി വിരമിക്കാന്‍ ഇനി നാലോ അഞ്ചോ വര്‍ഷം മാത്രമുള്ള അഭിഭാഷകരുടെ കാര്യം ഒന്ന് ആലോചിച്ച് ലോക്കൂ. അവര്‍ക്ക് മുന്നില്‍ ഇനി പോരാടാന്‍ സമയമില്ല. ഇവര്‍ക്കും പെന്‍ഷനായി ലഭിക്കാന്‍ പോകുന്നത് 15000-25000 രൂപയാണ്. ആ പണം ഉപയോഗിച്ച് അവര്‍ക്ക് എങ്ങനെയാണ് മുമ്പോട്ട് പോകാന്‍ സാധിക്കുക? ‘.

ഇപ്പോള്‍ തന്നെ ഈ വിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട് നിരവധി പരാതികള്‍ കോടതിയുടെ പക്കലുണ്ടെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് അടിയന്തരമായി പരിഹാരം കണ്ടെത്താന്‍ എ. ജിയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍വാദങ്ങള്‍ കേള്‍ക്കാന്‍ കേസ് ഈ മാസം 27 ലേക്ക് മാറ്റി.

Content Highlight: SC Chief Justice  gets emotional while talking about pension benefit of High Court Judges

We use cookies to give you the best possible experience. Learn more