ഹജ്ജ് ക്വാട്ട പുന:പരിശോധിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
India
ഹജ്ജ് ക്വാട്ട പുന:പരിശോധിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th July 2012, 4:38 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുപ്രീംകോടതി തള്ളി. കേന്ദ്ര സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച അപേക്ഷയാണ് സുപ്രീംകോടതി തള്ളിയത്.[]

കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഹജ്ജ് ക്വാട്ട സുപ്രീംകോടതി 300 എണ്ണമായി വെട്ടിക്കുറച്ചിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, ഹജ്ജ് കമ്മിറ്റി എന്നിവര്‍ക്ക് അനുവദിച്ച പ്രത്യേക ക്വാട്ടയാണ് വെട്ടിച്ചുരുക്കിയത്.

സര്‍ക്കാരിന്റെ ഹജ്ജ് നയം മാതൃകാപരമായി പരിഷ്‌കരിക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. പുതിയ നിര്‍ദേശമനുസരിച്ച് രാഷ്ട്രപതിക്ക് 100 പേരെയും ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് 75 പേരെ വീതവും വിദേശകാര്യമന്ത്രിക്ക് 50 പേരെയും മാത്രമെ നാമനിര്‍ദേശം ചെയ്യാനാവു.

ഹജ്ജ് നയം കോടതിയുടെ പരിഗണനയിലായതിനാല്‍ മറ്റ് കോടതികള്‍ ഇതുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.