| Saturday, 9th February 2019, 12:02 am

റഫാല്‍ കരാര്‍; കേന്ദ്ര സര്‍ക്കാറിന് അനുകൂലമായ സുപ്രീം കോടതി വിധി ജുഡീഷ്യറിയിലുള്ള വിശ്വാസ്യത കുറച്ചു: അരുണ്‍ ഷൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫാല്‍ കരാറില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിക്കളഞ്ഞ സുപ്രീം കോടതി നടപടി ജുഡീഷ്യറിയിലെ വിശ്വാസ്യത കുറച്ചതായി അരുണ്‍ ഷൂരി.

റഫാല്‍ കരാറില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട പ്രശാന്ത് ഭൂഷണ്‍, അരുണ്‍ ഷൂരി, യശ്വന്ത് സിന്ഹ എന്നിവര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. ഇടപാടില്‍ സംശയമില്ലെന്നും, വിഷയത്തില്‍ ഇടപെടില്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്.

സുപ്രീം കോടതി ഹരജി തള്ളിയ സാഹചര്യത്തില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയതില്‍ കുറ്റബോധം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് “ഒരിക്കലുമില്ല, എനിക്കെന്തിന് കുറ്റബോധം തോന്നണം. യഥാര്‍ത്ഥത്തില്‍ ആ വിധി ജുഡീഷ്യറിയുടെ വിശ്വാസതയെ കുറക്കുകയാണുണ്ടായിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കപ്പെട്ടതാണല്ലോ. ഞങ്ങള്‍ പറയാന്‍ ശ്രമിച്ചത് അതോടെ വ്യക്തമായി” എന്നായിരുന്നു ഷൂരിയുടെ മറുപടി. നാഗ്പൂരിലെ ഒരു ചടങ്ങില്‍ വെച്ചായിരുന്നു ഷൂരിയുടെ പരാമര്‍ശം എന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

Also Read റഫാലില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി; എല്ലാ ഹരജികളും തള്ളി

റഫാല്‍ വിമാനങ്ങളുടെ വിലയെ സംബന്ധിച്ച വിവരങ്ങള്‍ സി.എ.ജിക്ക് കൈമാറിയിട്ടുണ്ടെന്നും അത് പി.എ.സി പരിശോധിച്ചതാണെന്നുമായിരുന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു റിപ്പോര്‍ട്ടു പുറത്തു വന്നിട്ടില്ലെന്ന് സമര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി, പ്രശാന്ത് ഭൂഷണ്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് വിഷയം വിവാദമായിരുന്നു.

Also Read റഫാല്‍ വിധി; കേന്ദ്രസര്‍ക്കാരിന്റെ കത്ത് കോടതി തെറ്റായി വായിച്ചെന്ന് സര്‍ക്കാര്‍, തിരുത്തല്‍ അപേക്ഷ നല്‍കി

എന്നാല്‍ ഫ്രാന്‍സുമായുള്ള റഫാല്‍ യുദ്ധവിമാന കരാറിനെ സംബന്ധിച്ച വിധിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ കത്ത് തെറ്റായി വായിച്ചതാണ് വിവാദങ്ങളിലേക്ക് നയിച്ചതെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. ഇതിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഉള്‍പ്പെട്ട ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.

We use cookies to give you the best possible experience. Learn more