സി.പി.ഐ നേതാവ് ബിനോയ് വിശ്വം അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
ന്യൂദല്‍ഹി: പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയതിനെ പാര്‍ലമെന്റില്‍ എം.പിമാര്‍പോലും എതിര്‍ക്കാത്ത സാഹചര്യത്തില്‍ തങ്ങള്‍ എന്തിന് എതിര്‍പ്പ് പ്രകടിപ്പിക്കണമെന്ന് സുപ്രീം കോടതി. പാര്‍ലമെന്റില്‍ 542 പേര്‍ എതിര്‍ക്കുന്നില്ലെങ്കില്‍ കോടതി എന്തിനാണ് എതിര്‍ക്കുന്നത് എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.
പാന്‍കാര്‍ഡിനുവേണ്ടി ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ എം.പിമാര്‍ എതിര്‍ക്കാത്തതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
Must Read:‘മണി രാജി വെച്ച് മാപ്പ് പറയണം’; സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പൊമ്പിളൈ ഒരുമൈ
ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. പാന്‍കാര്‍ഡിനും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സി.പി.ഐ നേതാവ് ബിനോയ് വിശ്വം അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
പാന്‍കാര്‍ഡിനും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും ആധാര്‍ നിര്‍ബന്ധമാക്കുന്നതിനായി ആദായ നികുതി നിയമത്തില്‍ 139- എ.എ വകുപ്പ് കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിനെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്.
ധനബില്ലില്‍ 139- എ.എ വകുപ്പ് ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരായ അരവിന്ദ് ദത്തര്‍, ശ്യാം ദിവാന്‍, ശ്രീരാം പ്രക്കാട്ട്, വിഷ്ണു ശങ്കര്‍ എന്നിവര്‍ വാദിച്ചു.
എന്നാല്‍ വ്യാജ കാര്‍ഡുകള്‍ തടയാന്‍ ബയോമെട്രിക് സംവിധാനം മാത്രമാണ് ഫലപ്രദമായ പോംവഴിയെന്നും ജനസംഖ്യയില്‍ 99 ശതമാനത്തോളം പേരും ആധാര്‍ നേടിക്കഴിഞ്ഞെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ രോഹ്തഗി വാദിച്ചു. കേസില്‍ വ്യാഴാഴ്ചയും വാദം തുടരും.