റഫാല്‍ കേസുകളില്‍ സുപ്രീംകോടതി വിധി ലോക്‌സഭാ തിരഞെടുപ്പിന് ശേഷം മാത്രം
India
റഫാല്‍ കേസുകളില്‍ സുപ്രീംകോടതി വിധി ലോക്‌സഭാ തിരഞെടുപ്പിന് ശേഷം മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2019, 5:31 pm

 

ന്യൂദല്‍ഹി: റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പുനപരിശോധന ഹരജികള്‍ വിധി ലോക്‌സഭാ തെരഞെടുപ്പിന് ശേഷം മാത്രം. റഫാല്‍ കേസില്‍ അന്വേഷണമാവശ്യമില്ലെന്ന് വ്യക്തമാക്കി ഡിസംബര്‍ 14ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് പുനപരിശോധന ഹരജികള്‍ സമര്‍പ്പിച്ചത്.

പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവരാണ് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ നല്‍കിയ തെറ്റായ വിവരത്തെ മുഖവിലക്കെടുത്തതിനാല്‍ വിധിയില്‍ പിഴവുണ്ടായെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. സര്‍ക്കാരിന് തന്നെ തെറ്റുതിരുത്തല്‍ അപേക്ഷ നല്‍കേണ്ടി വന്നു. കരാര്‍ റദ്ദാക്കണമെന്നല്ല, ക്രിമിനല്‍ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. മറച്ചുവെച്ച വിവരങ്ങള്‍ സുപ്രധാനമാണ്. 2019 ഫെബ്രുവരിയിലാണ് സി.എ.ജി റിപ്പോര്‍ട്ട് വച്ചത്. എന്നാല്‍ 2018 നവംബറില്‍ തന്നെ അതിലെ കാര്യങ്ങള്‍ കേന്ദ്രം മുന്‍കൂട്ടി കണ്ടതും പറഞ്ഞതും എങ്ങനെയെന്നും പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.

കേസുമായി ബന്ധപ്പെട്ട വാദങ്ങള്‍ എഴുതി നല്‍കുന്നതിന് സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം കക്ഷികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം രാഹുല്‍ ഗാന്ധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹരജിയും വിധി പറയാനായി മാറ്റിയിട്ടുണ്ട്.

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി മോദി ഇടപ്പെട്ടുവെന്നതിന്റെ തെളിവ് ദ ഹിന്ദു ദിനപത്രം പുറത്ത് വിട്ടതോടെയാണ് പ്രശ്‌നം വീണ്ടും ചൂടുപിടിച്ചത്. മോഷ്ടിച്ച രേഖകളാണ് ഹിന്ദു പുറത്ത് വിട്ടതെന്നും ഇത് തെളിവായി സ്വീകരിക്കാന്‍ പാടില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.

അതേസമയം വിധി പുനപരിശോധിക്കരുതെന്ന് എജി ആവശ്യപ്പെട്ടു. മുന്‍പ് റഷ്യ, അമേരിക്ക എന്നിവരുമായി ഉണ്ടാക്കിയ കരാറിന് സോവറിന്‍ ഗ്യാരണ്ടി ഉണ്ടായിരുന്നില്ലെന്നും എജി കോടതിയെ അറിയിച്ചു.