Kerala News
ലാവ്‌ലിന്‍ കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക്; എന്‍.വി രമണയുടെ ബെഞ്ചിലേക്ക് തിരിച്ചയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 31, 09:17 am
Monday, 31st August 2020, 2:47 pm

ന്യൂദല്‍ഹി: ലാവലിന്‍ കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ് യു.യു ലളിതാണ് കേസ് പഴയ ബെഞ്ചിലേക്ക് തിരിച്ചയച്ചത്. കേസ് എന്‍.വി രമണയുടെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യാനായി മാറ്റിവെച്ചു.

ജസ്റ്റിസുമാരായ യു.യു ലളിത്, സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്, പിണറായി വിജയന്‍, കെ.മോഹന ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയില്‍ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍ ഉള്‍പ്പടെ  മൂന്ന് പ്രതികളും നല്‍കിയ ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്.

പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സി.ബി.ഐയുടെ ഹരജിയില്‍ പറയുന്നത്. തെളിവുകള്‍ ഹൈക്കോടതി വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. സിബിഐ പ്രത്യേക കോടതി പിണറായി ഉള്‍പ്പടെ എല്ലാ പ്രതികളെയും വിട്ടയച്ചിരുന്നു.

ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് കേസ് മാറ്റിയത് അതാണ് വീണ്ടും എന്‍.വി രമണയുടെ ബെഞ്ചിലേക്ക് അയച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

supreme court on lavalin case