[]ന്യൂദല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മന്ത്രിമാരെ അയോഗ്യരാക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
“ഭരണഘടനയുടെ സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ വിവേകപൂര്‍വമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. അഴിമതി രാഷ്ട്രത്തിന്റെ ശത്രുവാണ്. ഭരണഘടനയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ പ്രധാനമന്ത്രി ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരായി ഉള്‍പ്പെടുത്തരുത്. ഇവരെ അയോഗ്യരാക്കാന്‍ കോടതിക്ക് നിര്‍ദേശിക്കാനാവില്ല.” സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെട്ടു.
കുറ്റാരോപിതരായവരും വിചാരണ നേരിടുന്നവരും മന്ത്രിസഭയില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രധാനമന്ത്രി ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കുമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് 2004ല്‍ മനോജ് നറൂല നല്‍കിയ പൊതുതാല്‍പര്യഹരജിയിലാണ് കോടതി തീരുമാനം. പരാതി നല്‍കുന്ന സമയത്ത് യു.പി.എ സര്‍ക്കാരിലെ ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്ന മന്ത്രിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. പാര്‍ലമെന്റില്‍ ഇക്കാര്യം പരിഗണിക്കുന്നതിനാല്‍ ഇപ്പോള്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് പറഞ്ഞ് 2004ല്‍ ഹരജി തള്ളിയിരുന്നു. എന്നാല്‍ പുനപരിശോധനയ്ക്കായി ഹരജി വീണ്ടും സമര്‍പ്പിക്കുകയായിരുന്നു.
മന്ത്രിമാരെ സംബന്ധിച്ച തീരുമാനം എടുക്കുകയെന്നത് പ്രധാനമന്ത്രിയുടെ ഭരണഘടനാപരമായ വിശേഷാധികാരവും ജനതാല്‍പര്യവുമാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കൂടാതെ ജനങ്ങള്‍ എം.പിയായി തിരഞ്ഞെടുത്തയാള്‍ക്ക് മന്ത്രിസഭയിലേക്ക് വരാനുള്ള അവകാശമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. പ്രധാനമന്ത്രിയിലും മുഖ്യമന്ത്രിമാരിലും ഭരണഘടന വിശ്വാസ്യത പുലര്‍ത്തുന്നുണ്ടെന്നും അവര്‍ ഉത്തരവാദിത്തപരമായും ഭരണഘടനാപരമായും ഈ വിഷയത്തെ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രിസഭയിലെ 14 മന്ത്രിമാര്‍ ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതരാണ്.