| Tuesday, 20th June 2023, 1:41 pm

മണിപ്പൂര്‍ ട്രൈബല്‍ ഫോറത്തിന്റെ ഹരജിയില്‍ അടിയന്തര വാദം കേള്‍ക്കാതെ സുപ്രീം കോടതി; ജൂലൈ മൂന്നിന് പരിഗണിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മണിപ്പൂര്‍ ട്രൈബല്‍ ഫോം സമര്‍പ്പിച്ച ഹരജിയിലെ അടിയന്തര വാദം നിരസിച്ച് സുപ്രീം കോടതി. ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് എം.എം. സുന്ദരേഷ് എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് അപേക്ഷ പരിഗണിക്കുന്നത് ജൂലൈ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്.

മണിപ്പൂര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് അഭിഭാഷകനായ കോളിന്‍ ഗോണ്‍സാല്‍വന്‍ ആവശ്യപ്പെടുകയായിരുന്നു. അക്രമം തടയുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും 70 ഗോത്ര വര്‍ഗക്കാരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി എത്രയും പെട്ടെന്ന് ഇടപെട്ടില്ലെങ്കില്‍ ഇനിയും ഗോത്ര വിഭാഗക്കാര്‍ മരിക്കുമെന്നും അദ്ദേഹം പറഞ്ഞതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സുരക്ഷാ ഏജന്‍സിമാര്‍ മണിപ്പൂരിലുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

ചുരചന്‍പുര്‍, ചന്ദേല്‍, കാങ്‌പോക്പി, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് എന്നിവിടങ്ങളിലെ ക്രമസമാധാന, പൊതുക്രമസമാധാന നിലയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദേശങ്ങള്‍ കൈമാറണമെന്ന് ട്രൈബല്‍ ഫോറം നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടു.

മണിപ്പൂരിലെ ഗോത്രവിഭാഗങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ ഉത്തരവാദികളായവരെ സ്വതന്ത്രമായി അന്വേഷിക്കാനും വിചാരണ ചെയ്യാനും എസ്.ഐ.ടി രൂപീകരിക്കണമെന്നും ഇതില്‍ പറയുന്നു. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഗോത്ര വര്‍ഗക്കാരുടെ അടുത്ത ബന്ധുക്കള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി നഷ്ടപരിഹാരം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ മണിപ്പൂരിലേത് നിയമത്തിന്റെയും ഉത്തരവിന്റെയും അവസ്ഥയാണെന്നും സൈന്യത്തിന്റെ ഇടപെടലിന് വേണ്ടി കോടതി ഉത്തരവിടേണ്ടതില്ലെന്നും ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. ഗോത്ര വര്‍ഗക്കാര്‍ക്ക് ആകെയുള്ള പ്രതീക്ഷ സുപ്രീം കോടതിയാണെന്ന് ഗോണ്‍സാല്‍വസും അറിയിച്ചു.

അതേസമയം മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും മൗനത്തിലാണ്. ദല്‍ഹിയില്‍ തുടരുന്ന മണിപ്പൂരിലെ ഭരണ പ്രതിപക്ഷ സംഘത്തെ കാണാനും മോദി ശ്രമിച്ചിരുന്നില്ല. അതിനിടയില്‍ രണ്ട് ദിവസത്തെ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

CONTENT HIGHLIGHTS: Supreme Court without urgent hearing on Manipur Tribal Forum’s plea; It will be considered on July 3

We use cookies to give you the best possible experience. Learn more