| Wednesday, 16th August 2023, 12:41 pm

കോടതി ഭാഷകളില്‍ ലിംഗവിവേചനം വേണ്ട; കൈപ്പുസ്തകമിറക്കി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലിംഗ സ്റ്റീരിയോടൈപ്പുകള്‍ മാറ്റുന്നതിന് വേണ്ടി കൈപ്പുസ്തകം ഇറക്കി സുപ്രീം കോടതി. വിധികളിലും കോടതി ഭാഷയിലും വാക്കുകളിലും പ്രയോഗങ്ങളിലും ലിംഗ സ്റ്റീരിയോടൈപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ കണ്ടെത്തി ഒഴിവാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

‘നിയമ വ്യവഹാരങ്ങളിലെ സ്ത്രീകളെ കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകള്‍ തിരിച്ചറിയാനും മനസിലാക്കാനും ജഡ്ജിമാരെയും നിയമ സമൂഹത്തയും പാകപ്പെടുത്താന്‍ വേണ്ടിയാണ് കൈപ്പുസ്തകം ഉപയോഗിക്കുന്നത്.

ഇതില്‍ ലിംഗപരമായി ശരിയല്ലാത്ത പദങ്ങളുടെ അര്‍ത്ഥങ്ങളുണ്ടാകും. അത്തരം പദങ്ങള്‍ക്ക് പകരം ഉപയോഗിക്കാന്‍ സാധിക്കുന്ന പദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും വേണ്ടിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍ കാലങ്ങളില്‍ കോടതികളില്‍ ഉപയോഗിച്ച, സ്ത്രീകളുമായി ബന്ധപ്പെട്ട സ്റ്റീരിയോടൈപ്പ് പദങ്ങള്‍ എത്രത്തോളം കൃത്യമല്ലെന്നും നിയമത്തെ വളച്ചൊടിക്കാന്‍ സാധിക്കുമെന്നും കാണിക്കുന്നു. ഈ വിധികളെ വിമര്‍ശിക്കുകയല്ല ലക്ഷ്യം. ലിംഗപരമായ സ്റ്റീരിയോടൈപ്പുകള്‍ എങ്ങനെ നിലനില്‍ക്കുന്നുവെന്ന് കാണിക്കുകയാണ് ചെയ്യുന്നത്,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

കൈപ്പുസ്തകത്തിന്റെ ലക്ഷ്യം ഈ സ്റ്റീരിയോടൈപ്പുകളെ കുറിച്ച് മനസിലാക്കലും അതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കലുമാണെന്ന് ചന്ദ്രചൂഡ് പറഞ്ഞു.

‘ഈ പുസ്തകം സ്ത്രീകള്‍ക്കെതിരെയുള്ള സ്റ്റീരിയോടൈപ്പുകള്‍ മനസിലാക്കാന്‍ ജഡ്ജിമാരെ സഹായിക്കും. ഈ പുസ്തകം സുപ്രീം കോടതിയുടെ വെബ്‌സൈറ്റിലും ഉള്‍പ്പെടുത്തും,’ ചന്ദ്രചൂഡ് പറഞ്ഞു.

മുപ്പത് പേജുകളടങ്ങിയ കൈപ്പുസ്തകത്തില്‍ നിലവില്‍ ഉപയോഗിക്കേണ്ട വാക്കുകള്‍ക്ക് ബദല്‍ പദങ്ങള്‍ സൂചിപ്പിക്കുന്നു. വേശ്യ, ഫോഴ്‌സബിള്‍ റേപ്, ചൈല്‍ഡ് പ്രോസ്റ്റിറ്റിയൂട്ട്, അവിഹിതം, പ്രകോപന വസ്ത്രധാരണം, വീട്ടമ്മ, കരിയര്‍ വുമണ്‍, ഇന്ത്യന്‍/ വിദേശ സ്ത്രീ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുതെന്ന് പുസ്തകത്തില്‍ പറയുന്നു.

പ്രകോപനപരമായ വസ്ത്രധാരണത്തിന് പകരം വസ്ത്രധാരണം, വിവാഹം കഴിക്കാത്ത മാതാവിന് പകരം മാതാവ്, വേശ്യക്ക് പകരം സ്ത്രീ, സ്പിന്‍സ്റ്റര്‍ എന്ന പദത്തിന് പകരം അവിവാഹിതയായ സ്ത്രീ എന്നും ഉപയോഗിക്കണമെന്ന് പുസ്തകത്തില്‍ പറയുന്നു. ഇന്ത്യന്‍ നിയമാവലിയില്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന 100ലധികം വാക്കുകളാണ് കൈപ്പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നേരത്തെ മാര്‍ച്ചില്‍ തന്നെ ഇത്തരമൊരു പുസ്തകം പുറത്തിറക്കുമെന്ന് ചന്ദ്രചൂഡ് പറഞ്ഞിരുന്നു. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആയതിന് ശേഷമുള്ള മറ്റൊരു പുരേഗമനപരമായ നീക്കമാണിത്. നേരത്തെ സുപ്രീം കോടതി വിധികള്‍ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്ന തീരുമാനവും കൈകൊണ്ടിരുന്നു.

ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചന്ദ്രചൂഡിനെ പ്രശംസിക്കുകയും അതിന് അദ്ദേഹം കൈകൂപ്പി മറുപടി നല്‍കുന്ന ചിത്രവും ശ്രദ്ധയായിട്ടുണ്ട്.

CONTENT HIGHLIGHTS: Supreme Court with alternative words for stereotypical expressions associated with women; Handbook released

Latest Stories

We use cookies to give you the best possible experience. Learn more