ചോദ്യപേപ്പര്‍ തയാറാക്കിയത് മുതല്‍ വിതരണം വരെയുള്ള വിശദാംശങ്ങള്‍ വേണം; നീറ്റ് ക്രമക്കേടില്‍ സുപ്രീം കോടതി
national news
ചോദ്യപേപ്പര്‍ തയാറാക്കിയത് മുതല്‍ വിതരണം വരെയുള്ള വിശദാംശങ്ങള്‍ വേണം; നീറ്റ് ക്രമക്കേടില്‍ സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th July 2024, 3:55 pm

ന്യൂദല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടില്‍ നിര്‍ണായക നീക്കവുമായി സുപ്രീം കോടതി. ചോദ്യപേപ്പര്‍ തയാറാക്കിയത് മുതല്‍ വിതരണം വരെയുള്ള വിശദാംശങ്ങള്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടാല്‍ പുനഃപരീക്ഷ നടത്താമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. എന്തുകൊണ്ടാണ് പുനഃപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ക്രമക്കേടിന്റെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും പുനഃപരീക്ഷ നടത്താം. എന്നാല്‍ പരീക്ഷ റദ്ദാക്കുന്നത് 24 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവിയെ അത് ബാധിക്കും. അത്തരത്തില്‍ ഒരു നടപടി കോടതിയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അത് അങ്ങേയറ്റത്തെ തീരുമാനമാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പുനഃപരീക്ഷ ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും ചേര്‍ന്ന് ഒറ്റ അപേക്ഷ നല്‍കാമെന്നും കോടതി നിര്‍ദേശിച്ചു.

പരീക്ഷയുടെ തലേദിവസം ടെലഗ്രാമില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് ഹരജിക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

അതേസമയം നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ സമ്മതിച്ചു. ബീഹാറിലെ പാട്നയിൽ നിന്ന് പേപ്പർ ചോർന്നെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. മറ്റിടങ്ങളിൽ ചെറിയ രീതിയിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായെന്നും ക്രമക്കേടിൽ ആറ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്‌തെന്നും കേന്ദ്രം കോടതിയെ ബോധിപ്പിച്ചു.

എന്നാൽ ക്രമക്കേട് നടത്തിയ വിദ്യാർത്ഥികൾക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. ക്രമക്കേടിന്റെ ഗുണഭോക്താക്കളിൽ എത്ര പേരെ കണ്ടെത്തിയെന്നും ദേശീയ പരീക്ഷ ഏജൻസിയോട് ചോദ്യമുയർത്തി.

Content Highlight: Supreme Court with a decisive move on irregularities in NEET exam