| Tuesday, 26th November 2019, 7:47 am

ഫഡ്‌നാവിസ് എന്നു ഭൂരിപക്ഷം തെളിയിക്കണം? ഇന്ന് സുപ്രീം കോടതി പറയും; 'കര്‍ണാടക മോഡല്‍' വിധി പ്രതീക്ഷിച്ച് മഹാ വികാസ് അഘാഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്ര നിയമസഭയില്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഭൂരിപക്ഷം തെളിയിക്കേണ്ടത് എപ്പോഴെന്നതില്‍ ഇന്നു രാവിലെ പത്തരയ്ക്ക് സുപ്രീം കോടതി വിധി പറയും. രണ്ടാഴ്ചയാണു നവംബര്‍ 23 മുതല്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി അനുവദിച്ച സമയമെന്നാണ് ബി.ജെ.പിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിക്കുന്നത്.

അതേസമയം എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് ഹരജിക്കാരായ ശിവസേനയുടെയും എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം.

ഇതില്‍ കോടതി കഴിഞ്ഞവര്‍ഷം കര്‍ണാടക കേസില്‍ സ്വീകരിച്ച നിലപാട് സ്വീകരിക്കുമോ എന്നതിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കില്‍ ഫഡ്‌നാവിസിനോട് ഉടന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി ഇന്നുത്തരവിടും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കര്‍ണാടകയില്‍ ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പയ്ക്ക് ഗവര്‍ണര്‍ വാജുഭായ് വാല 15 ദിവസം സമയം അനുവദിച്ചപ്പോള്‍, സുപ്രീം കോടതി അത് ഒരു ദിവസമായി കുറച്ചിരുന്നു. നേരത്തേ പലതവണയും സമയം വെട്ടിക്കുറച്ചിട്ടുള്ളതായി ഇന്നലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞതും അതിലേക്കാണു വിരല്‍ ചൂണ്ടുന്നത്.

അതേസമയം ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വിളിച്ച ഗവര്‍ണറുടെ തീരുമാനത്തില്‍ കൈകടത്താന്‍ കോടതി തുനിഞ്ഞേക്കില്ല. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍പ്പെടുന്ന കാര്യമായതിനാലാണത്.

അതിനിടെ ഇന്നലെ മഹാ വികാസ് അഘാഡി സഖ്യം തങ്ങളുടെ ശക്തി തെളിയിക്കാന്‍ ഒപ്പമുള്ള എം.എല്‍.എമാരെ കൂട്ടി മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാന്റ് ഹയാത്തില്‍ ഒത്തുകൂടി. ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ്, എസ്.പി, സ്വാഭിമാന്‍ പക്ഷ്, പെസന്റ് വര്‍ക്കേഴ്‌സ് എന്നീ പാര്‍ട്ടികളുടെ എം.എല്‍.എമാരാണ് ഹോട്ടലിലെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് ഇവര്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെയും ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും പേര് ഏറ്റുപറഞ്ഞ് പ്രതിജ്ഞ ചെയ്തു.

‘ശരദ് പവാറിന്റെയും ഉദ്ധവ് താക്കറെയുടെയും സോണിയാ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള സഖ്യത്തില്‍ ഞാന്‍ സത്യസന്ധനായിരിക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നു. ആരുടെയും പ്രലോഭനങ്ങളില്‍ ഞാന്‍ വീഴില്ല. ബി.ജെ.പിക്ക് ഗുണകരമാകുന്നതൊന്നും ഞാന്‍ ചെയ്യില്ല’- ഇങ്ങനെയായിരുന്നു എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ വാചകം.

We use cookies to give you the best possible experience. Learn more