ന്യൂദല്‍ഹി: പോളിങ് ശതമാനം ഉടന്‍ പുറത്തുവിടണമെന്ന ഹരജിയില്‍ അടിയന്തരമായി ഇടപെടില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയിലെ അവധിക്കാല ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചത്.
വോട്ടെടുപ്പ് അവസാനിക്കാൻ രണ്ട് ഘട്ടം മാത്രം അവശേഷിക്കെ ഹരജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നും ഇതില്‍ വിശദമായ വാദം കേള്‍ക്കേണ്ടതിനാല്‍ അവധി കഴിഞ്ഞതിന് ശേഷം ഓപണ്‍ ബെഞ്ചില്‍ ഹരജി പരിഗണിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
ആദ്യ രണ്ട് ഘട്ടങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ അതിലെ പോളിങ് ശതമാനം പുറത്തുവിടാന്‍ വൈകിയതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്ത്യാ മുന്നണിയുടെ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍ കണ്ട് ഇതുമായി ബന്ധപ്പെട്ട പരാതി അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പടെയുള്ളവര്‍ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ബി.ജെ.പിക്കൊപ്പം നിന്ന് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും കൂട്ടുനില്‍ക്കുന്നുവെന്നാണ് ഹരജിക്കാര്‍ സുപ്രീം കോടതിയില്‍ ആരോപിച്ചത്.
ഇത്തരം ആരോപണങ്ങള്‍ ഒഴിവാക്കുന്നതിന് 48 മണിക്കൂറിനുള്ളില്‍ പോളിങ് വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഒരു ബൂത്തില്‍ എത്ര പേര്‍ വോട്ട് ചെയ്‌തെന്നും എത്ര പേര്‍ വോട്ട് ചെയ്തില്ലെന്നും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കണമെന്നും ഹരജിയില്‍ പറഞ്ഞു.
എന്നാല്‍ നേരത്തെ ആവശ്യം ഉയര്‍ന്നപ്പോഴും വിവരങ്ങള്‍ പുറത്തുവിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിരുന്നില്ല. സ്ഥാനാര്‍ത്ഥിക്കോ അവരുടെ ഏജന്റിനോ മാത്രമേ വിവരങ്ങള്‍ കാണിക്കാന്‍ സാധിക്കുള്ളൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വിശദീകരണം.
Content Highlight: Supreme Court will not consider the petition to release polling percentage immediately