| Wednesday, 28th April 2021, 10:50 am

സിദ്ദിഖ് കാപ്പന്‍ കൊവിഡ് മുക്തനെന്ന് യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; കാപ്പന് മുറിവേറ്റിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ആരോഗ്യനിലയില്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് യു.പി സര്‍ക്കാര്‍. കാപ്പന്‍ കൊവിഡ് മുക്തനായെന്നാണ് യു.പി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. കാപ്പന് മുറിവേറ്റിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സിദ്ദിഖ് കാപ്പന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ഇന്നലെ യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ആശുപത്രിയില്‍ നിന്നും സിദ്ദിഖ് കാപ്പനെ ഡിസ്ചാര്‍ജ്ജ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. 21ാം തിയതിയാണ് കാപ്പനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആ സമയത്ത് ശരീരത്തില്‍ മുറിവുണ്ടായിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാപ്പന്‍ കൊവിഡ് ബാധിതനായിരുന്നു. അദ്ദേഹത്തിന് വേണ്ട ചികിത്സ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തെ തിരികെ ജയിലില്‍ എത്തിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

സിദ്ദിഖ് കാപ്പന് ഗുരുതരമായ പരിക്കായിരുന്നു പറ്റിയതെന്നും തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നുമാണ് കാപ്പന്റെ അഭിഭാഷകന്‍ പ്രതികരിച്ചത്. ഇന്ന് അവര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു എന്നാണ് പറഞ്ഞത്. ആരോഗ്യവാനാണ് എന്ന് അവര്‍ പറഞ്ഞിട്ടില്ല. കൊവിഡ് നെഗറ്റീവാണ് എന്നാണ് പറഞ്ഞത്. വാഷ്‌റൂമില്‍ വീണാണ് ശരീരത്തില്‍ മുറിവേറ്റത്. അതിനെ കുറിച്ചൊന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ നാല് ദിവസമായി അദ്ദേഹവുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല, അഭിഭാഷകന്‍ വില്‍സ് മാത്യു പറഞ്ഞു.

സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ നല്‍കണം എന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നത്. അതേസമയം പത്രപ്രവര്‍ത്തക യൂണിയന്റെ ഹരജി ചട്ടവിരുദ്ധമെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞദിവസം കോടതിയില്‍ വാദിച്ചത്.

ഹേബിയസ് കോര്‍പ്പസ് അപേക്ഷയ്ക്ക് പകരം സാധാരണ ജാമ്യപേക്ഷ നല്‍കുകയാണ് വേണ്ടതെന്നും തുഷാര്‍ മേത്ത പറഞ്ഞിരുന്നു. സിദ്ദിഖ് കാപ്പനെ ചങ്ങലയ്ക്കിട്ടു എന്ന കെ.യു.ഡബ്ല്യു.ജെയുടെ വാദം ശരിയല്ലെന്ന് യു.പി സര്‍ക്കാരും മറുപടി നല്‍കിയിരുന്നു. ഹര്‍ജി ഇന്നലെ തന്നെ കേള്‍ക്കാം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞെങ്കിലും ഇന്നത്തേക്ക് മാറ്റണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more