| Thursday, 13th June 2024, 11:31 am

നീറ്റ് പരീക്ഷ ക്രമക്കേട്; 1563 വിദ്യാര്‍ത്ഥികളുടെ ഫലം റദ്ദാക്കുമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. ഗ്രേസ് മാര്‍ക്കില്‍ ആക്ഷേപമുയര്‍ന്ന 1563 വിദ്യാര്‍ത്ഥികളുടെ നീറ്റ് ഫലം റദ്ദാക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇവര്‍ക്ക് മാത്രമായി പുനഃപരീക്ഷ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ഹരിയാനയിലെ ആറ് കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലമാണ് റദ്ദാക്കുക. അതേസമയം പ്രവേശന നടപടികള്‍ തുടരട്ടെയെന്നും കോടതി ഉത്തരവിട്ടു. ആരോപണങ്ങളില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് വിശദീകരണം തേടിയതായും കോടതി അറിയിച്ചു. ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ നിര്‍ദേശപ്രകാരമാണ് കോടതി നടപടി.

പുനഃപരീക്ഷയ്ക്കുള്ള വിജ്ഞാപനം ഇന്ന് തന്നെ പുറത്തിറക്കണമെന്നാണ് നിർദേശം. ഈ പരീക്ഷയുടെ ഫലം ജൂൺ 30നകം പ്രസിദ്ധീകരിക്കണം. ഫലം റദ്ദാക്കപ്പെടുന്ന വിദ്യാർത്ഥികളിൽ ഇഷ്ടമുള്ളവർക്ക് പുനഃപരീക്ഷ എഴുതാവുന്നതാണ്. ബാക്കിയുള്ളവരുടെ ഫലം നിലവിലുള്ള ഗ്രേസ് മാർക്ക് ഒഴിവാക്കിക്കൊണ്ടുള്ളതാകുമെന്നും കോടതി അറിയിച്ചു. ജൂൺ ആറിന് നടക്കാനിരിക്കുന്ന മെഡിക്കൽ കൗൺസിലിങിനെ ഈ നടപടികൾ ബാധിക്കരുതെന്നും കോടതി നിർദേശിച്ചു.

കഴിഞ്ഞ ദിവസം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നീറ്റ് ഫലത്തിനെതിരെ വിദ്യാര്‍ത്ഥിനി ശിവാംഗി മിശ്ര അടക്കമുള്ള ഒരു സംഘം നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

പരീക്ഷയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു എന്‍.ടി.എക്കെതിരിരായ ആരോപണം. 67 വിദ്യാര്‍ത്ഥികള്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചിരുന്നത്. ഇതില്‍ ഒരേ കേന്ദ്രത്തില്‍ നിന്ന് പരീക്ഷ എഴുതിയ ആറ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നുവെന്നാണ് മറ്റൊരു ആരോപണം.

ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി നീറ്റ്-യു.ജി പരീക്ഷാ ഫലം റദ്ദാക്കണമെന്നും വീണ്ടും പരീക്ഷ നടത്തണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ചില വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയവും പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ലെന്നും ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തില്‍ മാര്‍ക്ക് വന്നതെന്നുമാണ് എന്‍.ടി.എ അറിയിച്ചത്.

Content Highlight: Supreme Court will cancel the results of 1563 students due to irregularities in NEET exam

We use cookies to give you the best possible experience. Learn more