| Tuesday, 7th August 2018, 4:44 pm

പിടിച്ച് അകത്തിടാനുള്ള പണിയാണ് നിങ്ങള്‍ ചെയ്തത്; അസം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയവരോട് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അസം പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അഭിപ്രായ പ്രകടനം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്. എന്‍.ആര്‍.സി കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേല, രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ സൈലേഷ് എന്നിവരെയാണ് കോടതി താക്കീത് ചെയ്തത്.

നേരത്തെ എന്‍.ആര്‍.സി പട്ടിക സംബന്ധിച്ച നടപടികള്‍ അപക്വമാണെന്ന് ഹജേല പറഞ്ഞിരുന്നു. പട്ടികയില്‍ നിന്ന് പുറത്തായവരെല്ലാം കുടിയേറ്റക്കാരാണെന്ന് പറയാനാവില്ലെന്നും ഹജേല അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്.

ജയിലിലടയ്ക്കേണ്ട കുറ്റമാണ് ഇരുവരും ചെയ്തതെന്നും പൗരത്വ രജിസ്റ്ററിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളത് കൊണ്ട് മാത്രം അത് ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു.

ALSO READ: മന്ത്രി കെ.ടി ജലീല്‍ പുതിയ പാര്‍ട്ടി തുടങ്ങുന്നതിനെ കുറിച്ച് അറിയില്ലെന്ന് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ

പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷം പേര്‍ പുറത്തായതിനെത്തുടര്‍ന്ന് അസമില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നുവരികയാണ്. ഇതുസംബന്ധിച്ച വിവാദങ്ങളും ശക്തമാണ്. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങളോട് അനാവശ്യമായി സംസാരിച്ചെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ കോടതി താക്കീത് ചെയ്തത്.

നിങ്ങളുടെ ജോലി പൗരത്വ രജിസ്റ്ററിനുള്ള അന്തിമ പട്ടിക തയ്യാറാക്കുക എന്നത് മാത്രമാണ്. മാധ്യമങ്ങളോട് വിവരങ്ങള്‍ വിശദീകരിക്കല്‍ നിങ്ങളുടെ പണിയല്ല. മാധ്യമങ്ങളോട് സംസാരിക്കണമെങ്കില്‍ കോടതിയോട് അനുവാദം വാങ്ങണമെന്നും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ 30 നാണ് അസമില്‍ ദേശീയ പൗരത്വ പട്ടിക പുറത്തിറക്കിയത്. 3.29 കോടി അപേക്ഷകരില്‍ 2.89 കോടിയാണ് ഇന്ത്യന്‍ പൗരന്മാരായി തെളിയിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ ആദ്യ കരടില്‍ 1.9 കോടി ആളുകളാണ് ഉള്‍പ്പെട്ടത്.

ALSO READ: സി.പി.ഐ.എമ്മിന് ന്യൂനപക്ഷങ്ങളോട് നേര്‍ക്കുനേര്‍ സംവദിക്കാന്‍ മറ്റൊരു പാര്‍ട്ടിയുടെ ആവശ്യമില്ല; മനോരമ വാര്‍ത്ത നൂറു ശതമാനം തെറ്റ്: മന്ത്രി കെ.ടി ജലീല്‍

അസമിലുള്ള ഇന്ത്യക്കാരെയും കുടിയേറ്റക്കാരെയും വേര്‍തിരിക്കുന്നതിന് വേണ്ടിയാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. ഇത് പ്രകാരം 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയിലെത്തിയവരാണെന്ന് തെളിയിക്കാത്തവര്‍ വിദേശികളാണെന്ന് പ്രഖ്യാപിക്കപ്പെടും.

1951ലാണ് ആദ്യമായി എന്‍.ആര്‍.സി തയ്യാറാക്കിയത്. പൗരന്മാരാണെന്ന് തെളിയിക്കുന്നതിനായി അസമിലുള്ളവര്‍ക്ക് തങ്ങളോ പൂര്‍വ്വികരോ 1951ലെ ലിസ്റ്റിലോ അതല്ലെങ്കില്‍ കട്ട്ഓഫ് ഡേറ്റിന് ഇടയിലുള്ള ഏതെങ്കിലും വോട്ടര്‍ലിസ്റ്റിലോ പേരുള്ളതായി തെളിയിക്കേണ്ടതുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more