കൊച്ചി: മരട് ഫ്‌ളാറ്റുടമകളുടെ നഷ്ടപരിഹാര തുക നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി. ഫ്‌ളാറ്റുടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ പകുതി കെട്ടിവെക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.
വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്. അടുത്ത ബുധനാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
പകുതിയോളം നഷ്ടപരിഹാരം കെട്ടിവെച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്കായി ഉത്തരവിടുമെന്നും ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കുമായി 115 കോടി രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. കോടതി നിര്‍ദേശ പ്രകാരം ഇതില്‍ 65 കോടി രൂപ അടിയന്തര സഹായം എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതോടൊപ്പം ഫ്‌ളാറ്റ് പൊളിച്ചു നീക്കിയതിന്റെ ചെലവും നിര്‍മാതാക്കള്‍ തന്നെയാണ് നല്‍കേണ്ടത്.
തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ കഴിഞ്ഞ ജനുവരിയിലാണ് സുപ്രീംകോടതി നിര്‍ദേശ പ്രകാരം പൊളിച്ചു നീക്കിയത്.
മരടിലെ പൊളിച്ച ഫ്‌ളാറ്റുകളില്‍ തീറാധാരം ഇല്ലാത്ത ഉടമകളും നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്നാണ് കോടതി വ്യക്തമാക്കിയത്. തീറാധാരം ഇല്ലാത്ത 13 ഉടമകളാണ് ഉള്ളത്. ഇവരുടെ കൈവശമുള്ള ഫ്‌ളാറ്റ് വാങ്ങിയ രേഖകള്‍ മതിയെന്നും കോടതി വ്യക്തമാക്കി.
അതേസമയം തീരദേശനിയമം ലംഘിച്ച് പണിത അനധികൃത കെട്ടിടങ്ങളുടെ പട്ടിക കൈമാറാത്ത ചീഫ് സെക്രട്ടറിക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹരജി പിന്നീട് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംവിധായകന്‍ മേജര്‍ രവി ആണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക