ന്യൂദല്‍ഹി: ഗുജറാത്ത് വംശഹത്യ കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കിയ നടപടിയില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. വംശഹത്യക്കിടെ ബലാത്സംഗത്തിനിരായായ ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.
ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെയാണ് ബില്‍ക്കിസ് ബാനു ഹരജി നല്‍കിയത്.
ജയില്‍ മോചനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അടുത്തമാസം 18 മുമ്പ് ഹാജരാക്കാന്‍ ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. കേസ് ഏപ്രില്‍ 18ന് കോടതി വീണ്ടും വിശദമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
മഹാരാഷ്ട്രയില്‍ വിചാരണ പൂര്‍ത്തിയായ ഒരു കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് എങ്ങനെയാണ് കേസില്‍ ശിക്ഷ ഇളവ് നല്‍കാനാകുകയെന്ന് കോടതി ചോദിച്ചു. കുട്ടികളെ ഉള്‍പ്പെടെ കൂട്ടക്കൊല ചെയ്ത, ബലാത്സംഘം പോലുള്ള ക്രിമിനല്‍ കേസില്‍ എങ്ങനെയാണ് സര്‍ക്കാരിന് ഇങ്ങനെ ഇളവ് നല്‍കാന്‍ ആകുകയെന്നും കോടതി ചോദിച്ചു.
ജയിലിലെ നല്ലനടപ്പ് ചൂണ്ടിക്കാണിച്ചാണ് ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ നേരത്തെ ജയില്‍ മോചിതരാക്കിയിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം സുപ്രീം കോടതി പുനപരിശോധിക്കണമെന്നും കുറ്റവാളികളെ മോചിതരാക്കിയ നടപടി റദ്ദാക്കണമെന്നുമാണ് ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം.
അതേസമയം, ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസ് പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസം വേദി പങ്കിട്ട സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയിത്ര രംഗത്തെത്തി.
ഗുജറാത്തില്‍ നടന്ന സര്‍ക്കാര്‍ ചടങ്ങിലാണ് ബില്‍ക്കിസ് ബാനു കേസ് പ്രതിയും പ്രത്യക്ഷപ്പെട്ടിരുന്നത്. ദാഹോദ് ബി.ജെ.പി എം.പി ജസ്വന്ത് സിങ് ഭാഗോര്‍, ലിംഖേഡ എം.എല്‍.എ സൈലേഷ് ഭാഖോര്‍ എന്നിവരും ഈ വേദിയിലുണ്ടായിരുന്നു.
Content Highlight: Supreme Court warns central and state governments in Bilkis case