ന്യൂദല്‍ഹി: ഗുജറാത്ത് വംശഹത്യ കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കിയ നടപടിയില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. വംശഹത്യക്കിടെ ബലാത്സംഗത്തിനിരായായ ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.
ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെയാണ് ബില്‍ക്കിസ് ബാനു ഹരജി നല്‍കിയത്.
ജയില്‍ മോചനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അടുത്തമാസം 18 മുമ്പ് ഹാജരാക്കാന്‍ ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. കേസ് ഏപ്രില്‍ 18ന് കോടതി വീണ്ടും വിശദമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
SC issues notice to Centre, Gujarat govt on plea filed by Bilkis Bano challenging remission of sentence of 11 convicts in gang-rape case
— Press Trust of India (@PTI_News) March 27, 2023
മഹാരാഷ്ട്രയില്‍ വിചാരണ പൂര്‍ത്തിയായ ഒരു കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് എങ്ങനെയാണ് കേസില്‍ ശിക്ഷ ഇളവ് നല്‍കാനാകുകയെന്ന് കോടതി ചോദിച്ചു. കുട്ടികളെ ഉള്‍പ്പെടെ കൂട്ടക്കൊല ചെയ്ത, ബലാത്സംഘം പോലുള്ള ക്രിമിനല്‍ കേസില്‍ എങ്ങനെയാണ് സര്‍ക്കാരിന് ഇങ്ങനെ ഇളവ് നല്‍കാന്‍ ആകുകയെന്നും കോടതി ചോദിച്ചു.