ന്യൂദൽഹി: ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്തയെ വിട്ടയക്കണമെന്ന് സുപ്രീം കോടതി. യു.എ.പി.എ ചുമത്തിയുള്ള ദൽഹി പൊലീസിന്റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2023 ഒക്‌ടോബർ നാലിന് റിമാൻഡ് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി, റിമാൻഡ് അപേക്ഷയുടെ പകർപ്പ് പുർകായസ്തയ്‌ക്കോ അദ്ദേഹത്തിൻ്റെ അഭിഭാഷകനോ നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതുപ്രകാരം അറസ്റ്റും റിമാൻഡും നിയമത്തിന് മുന്നിൽ അസാധുവായതിനാൽ പുർകായസ്തയെ വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടു.
അതേസമയം കുറ്റപത്രം സമർപ്പിച്ചതിനാൽ വിചാരണക്കോടതിയുടെ ഉത്തരവനുസരിച്ചുള്ള ജാമ്യവും ബോണ്ടും സമർപ്പിക്കുന്നതിന് വിധേയമായിട്ടായിരിക്കും മോചനമെന്നും കോടതി ഉത്തരവിട്ടു.
ദൽഹി പൊലീസിന്റെ അറസ്റ്റ് ശരിവച്ച ദൽഹി ഹൈക്കോടതിയുടെ വിധിയും സുപ്രീം കോടതി റദ്ദാക്കി.
മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് പുർകായസ്തയ്ക്ക് വേണ്ടി ഹാജരായത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ദൽഹി പൊലീസിന് വേണ്ടിയും.
71 വയസുള്ള പുര്‍കായസ്തയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ഹരജി ഉടന്‍ പരിഗണിക്കണമെന്ന് കബിൽ സിബൽ നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ചൈനയുടെ പ്രൊപഗാണ്ട പ്രചരിപ്പിക്കുവാൻ ന്യൂസ്ക്ലിക്കിന് ഫണ്ട് ലഭിച്ചുവെന്ന ന്യൂയോർക്ക് ടൈംസിന്റെ ആരോപണത്തിലാണ് പുർകായസ്തയേയും എച്ച്.ആർ അമിത് ചക്രവർത്തിയേയും അറസ്റ്റ് ചെയ്യുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ വകുപ്പ് പ്രകാരം യു.എ.പി.എ ചുമത്തിയാണ് ദല്‍ഹി പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ചൈനീസ് അനുകൂല പ്രചരണത്തിനായി വിദേശ ഫണ്ട് സ്വീകരിക്കുകയും, 2019ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രാറ്റിക്സ് സെക്യുലറിസം ഗ്രൂപ്പുമായി ഗൂഢാലോചന നടത്തിയെന്നുമാണ് ഇവർക്കെതിരെയുള്ള എഫ്.ഐ.ആര്‍.
2023 ഒക്ടോബര്‍ മൂന്നിന് പുര്‍കായസ്തയെ അറസ്റ്റ് ചെയ്യുകയും ന്യൂസ്ക്ലിക്ക് ഓഫീസ് സീല്‍ ചെയ്യുകയും ചെയ്തിരുന്നു. ന്യൂസ്ക്ലിക്കുമായി ബന്ധപ്പെട്ട 88 ഇടങ്ങളില്‍ റെയ്ഡ് നടത്തുകയും നിരവധി ഇലക്ടോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Content Highlight: Supreme Court wants release Prabir Purkayasta