തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ആകാമെന്ന് സുപ്രീംകോടതി
ന്യൂദല്‍ഹി: തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്. സുപ്രീം കോടതിയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. വെടിക്കെട്ടിനു അനുമതി തേടി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ അപേക്ഷയിലാണ് ഉത്തരവ്.
ആചാര പ്രകാരം പൂരം വെടിക്കെട്ട് നടത്താനുള്ള അനുമതിയാണ് സുപ്രീം കോടതി നല്‍കിയത്. എന്നാല്‍ ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എസ്.എ ബോബ് ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പടക്കങ്ങള്‍ പൊട്ടിക്കുന്നതിനും സമയക്രമത്തിലും സുപ്രീംകോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. കേസില്‍ ദേവസ്വങ്ങളുടെ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തത്.
ക്ഷേത്രോത്സവത്തിന്റ ഭാഗമായുള്ള ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഇളവ് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരും ആവശ്യപ്പെട്ടു.
2018 ഒക്ടോബറില്‍ പടക്ക നിയന്ത്രണത്തിന് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതിയും ഇളവും ആവശ്യപ്പെട്ടാണ് തിരുവമ്പാടി, പാറമേക്കാവ് സുപ്രീം കോടതിയ സമീപിച്ചിരുന്നത്.
ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു പ്രധാന ആവശ്യം.