ന്യൂദല്‍ഹി: കശ്മീരില്‍ വാര്‍ത്തവിനിമയ സംവിധാനങ്ങള്‍ക്കും ഇന്റര്‍നെറ്റിനും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനങ്ങള്‍ക്കും മറ്റ് നിരോധന നടപടികള്‍ക്കെതിരെയുള്ള എതിരെയുള്ള ഹരജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും. നാളെ രാവിലെ 10.30 നാണ് ഹരജികളില്‍ കോടതി വിധി പറയുക.
ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ് കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി ഭാഗിച്ച ആഗസ്റ്റ് 5 മുതലാണ് പ്രദേശത്ത് വാര്‍ത്തവിനിമയ സൗകര്യങ്ങള്‍ക്കും മറ്റും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആഗസ്റ്റ് അഞ്ച് മുതല്‍ പ്രദേശത്ത് ഇന്റര്‍നെറ്റും വിച്ഛേദിച്ചിരുന്നു. പ്രീപെയ്ഡ് മൊബൈല്‍ഫോണ്‍ സൗകര്യങ്ങള്‍ വളരരെ ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇന്റര്‍നെറ്റ് നിരോധനം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതോടു കൂടി ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഏറ്റവും കൂടുതല്‍ കാലം ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യമായി ഇന്ത്യ മാറിയിരുന്നു.
DoolNews Video
കശ്മീരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത നിരോധനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിനും കോണ്‍ഗ്രസ് എം.പി ഗുലാം നബി ആസാദും കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ വാദം കേട്ട കോടതി വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. ജസ്റ്റിസുമാരായ എന്‍.വി രമണ, ആര്‍. സുഭാഷ റെഡ്ഡി, ബി.ആര്‍ ഗവായി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചായിരുന്നു അന്ന് വാദം കേട്ടത്.
ആര്‍ട്ടിക്കിള്‍ 19ല്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള വ്യക്തികളുടെ സ്വകാര്യതക്കുള്ള മൗലികാവകാശം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരാണ് കശ്മീരിലെ നിയന്ത്രണങ്ങള്‍ എന്നായിരുന്നു ഹരജിക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നത്.
ആര്‍ട്ടിക്കിള്‍ 352 പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ മാത്രം നടപ്പിലാക്കാന്‍ സാധിക്കുന്ന നിയന്ത്രണങ്ങളാണ് കശ്മീരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിക്കുന്ന സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഇത്രയും അധികം കാലത്തേക്ക് നടപ്പില്‍ വരുത്താന്‍ കഴിയില്ലെന്നും നവംബറില്‍ വാദം നടക്കുന്ന സമയത്ത് ഹരജിക്കാര്‍ പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിയന്ത്രണങ്ങള്‍ കശ്മീരിലെ ഏഴ് മില്യണ്‍ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, വാണിജ്യ-വ്യാപാര മേഖലകള്‍, കൃഷി, വിനോദ സഞ്ചാരം എന്നീ എല്ലാ മേഖലകളിലും വലിയ പ്രശ്‌നങ്ങളാണ് ഈ നിരോധനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നതും ഹരജിക്കാര്‍ വ്യക്തമാക്കിയിരുന്നു.
രാജ്യത്തിന്റെ സുരക്ഷക്ക് ആവശ്യമായ നിയന്ത്രണങ്ങള്‍ മാത്രമാണ് നടപ്പാക്കിയിട്ടുള്ളതെന്നായിരുന്നു അന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. കശ്മീരിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ബന്ധപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും അന്ന് സര്‍ക്കാര്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നും കുട്ടികള്‍ പോലും പട്ടാളത്തിന്റെയും പൊലീസിന്റെയും കസ്റ്റഡിയില്‍ പീഡനങ്ങള്‍ക്കിരയാകുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പക്ഷെ ഒരു രക്തച്ചൊരിച്ചില്‍ പോലും ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.