മമതയ്ക്ക് ആശ്വാസമേകി സുപ്രീംകോടതി വിധി ; വീണ്ടും ഒരു ബംഗാള്‍ തിരഞ്ഞെടുപ്പ് വേണ്ട
National
മമതയ്ക്ക് ആശ്വാസമേകി സുപ്രീംകോടതി വിധി ; വീണ്ടും ഒരു ബംഗാള്‍ തിരഞ്ഞെടുപ്പ് വേണ്ട
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th August 2018, 3:43 pm

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ അടുത്തിടെ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 20000ത്തോളം സീറ്റുകളില്‍ എതിരില്ലാതെ വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് സുപ്രീംകോടതി പുറത്ത് വിട്ടിരിക്കുന്നത്.

വോട്ടെടുപ്പില്ലാതെ തന്നെ വിജയിച്ച തെരഞ്ഞടുപ്പ് വിധിയെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ആശ്വാസമേകുന്ന വിധിയുണ്ടായത്. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ കോടതി, വോട്ടെടുപ്പ് നടക്കാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ട സീറ്റുകളെ സംബന്ധിച്ചുള്ള എല്ലാ രേഖകളും, ഉത്തരവുകളും സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.


ALSO READ: പ്രളയം കാണാത്തവരല്ല അന്യസംസ്ഥാന തൊഴിലാളികള്‍ അവര്‍ പേടിച്ചത് നിങ്ങളുടെ പൊതുബോധത്തേയാണ്: കെ. സഹദേവൻ സംസാരിക്കുന്നു


കഴിഞ്ഞ മെയ് മാസത്തില്‍ 58,692 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 20,178 തദ്ദേശ സീറ്റുകളിലാണ് തൃണമൂല്‍ മത്സരമില്ലാതെ ഏകപക്ഷീയമായി വിജയിച്ചത്. എന്നാല്‍ ഈ വിജയം ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണ തന്ത്രമാണെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.

എതിര്‍കക്ഷികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തി തടഞ്ഞിരുന്നു എന്നും അതിനാല്‍ തന്നെ ഈ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികളായ ബി.ജെ.പിയും സി.പി.എമ്മും ആവശ്യം ഉന്നയിച്ചിരുന്നു.


ALSO READ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ച സംഭാവന 539 കോടി


ബംഗാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സ്‌പെഷല്‍ ലീവ് പെറ്റീഷനിലാണ് കോടതി ഉത്തരവിറക്കിയത്. എന്നാല്‍ ആരോപണത്തിന്റെ ഗൗരവം മനസ്സിലാക്കിയ കോടതി തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമണത്തെ തുടര്‍ന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധിക്കാത്തവരുടെ പരാതി നല്‍കുന്നതിനായി 30 ദിവസത്തെ സമയം അനുവദിച്ച് നല്‍കിയിട്ടുണ്ട്