| Thursday, 18th February 2021, 3:11 pm

എത്രയും പെട്ടെന്ന് 55 വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് തിരിച്ചുകൊടുക്കണം; കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നടപടിക്രമങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവേശനം റദ്ദാക്കപ്പെട്ട 55 വിദ്യാര്‍ഥികളുടെ ഫീസ് കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് ഉടന്‍ തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി. അല്ലാത്തപക്ഷം അടുത്ത അധ്യയന വര്‍ഷം അംഗീകാരം നല്‍കില്ലെന്നും കോടതി പറഞ്ഞു. 15.72 കോടി രൂപയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടത്.

പ്രവേശനം റദ്ദാക്കപ്പെട്ടവരില്‍ 55 വിദ്യാര്‍ത്ഥികള്‍ക്ക് 23,25,30,000 രൂപ മാനേജ്മെന്റ് മടക്കി നല്‍കണമെന്ന ഫീസ് നിര്‍ണയ സമിതിയുടെ ഉത്തരവ് ഹൈക്കോടതി ഭേദഗതി ചെയ്തിരുന്നു. രേഖകള്‍ പരിശോധിച്ച ശേഷം 55 വിദ്യാര്‍ത്ഥികള്‍ക്ക് ആയി 15,72,19,020 രൂപയാണ് മാനേജ്‌മെന്റ് നല്‍കേണ്ടതെന്ന് ഹൈക്കോടതി വിധിച്ചു. ഈ തുക അടിയന്തിരമായി മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് കൈമാറണമെന്നാണ് ജസ്റ്റിസ്മാരായ അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചത്.

തിരിച്ച് നല്‍കേണ്ട ഫീസ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഒമ്പതു മാസത്തിനുള്ളില്‍ ഫീസ് നിര്‍ണയ സമിതി തീരുമാനം എടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

2016-17 അധ്യയന വര്‍ഷത്തിലെ 150 വിദ്യാര്‍ഥികളുടെ പ്രവേശനമാണ് സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നത്. വിദ്യാര്‍ഥികള്‍ നല്‍കിയ ഫീസിന്റെ ഇരട്ടി മാനേജ്‌മെന്റ് തിരികെ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. തിരികെ നല്‍കേണ്ട ഫീസ് നിര്‍ണയിക്കേണ്ടത് ഫീസ് നിര്‍ണയ സമിതി ആയിരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2016-2017 വര്‍ഷത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയിരുന്നത്. ഇത് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരും വിദ്യാര്‍ത്ഥികളും നല്‍കിയ ഹരജികള്‍ അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Supreme Court Verdict Kannur Medical College

We use cookies to give you the best possible experience. Learn more