കോഴിക്കോട്: ഗവര്‍ണറുടെ അധികാരപരിധി സംബന്ധിച്ച് ഇന്ന് (ചൊവ്വാഴ്ച്ച) സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ചരിത്രപരമായ തീരുമാനമാണെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ക്കുമേല്‍ ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ് ഈ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവെച്ച തമിഴ്നാട് ഗവര്‍ണര്‍ ആര്‍. എന്‍. രവിയുടെ നടപടി നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കവെയാണ് ഇന്ന് സുപ്രീം കോടതി ഗവര്‍ണര്‍-സര്‍ക്കാര്‍ വിഷയങ്ങളിലെ നിര്‍ണായക വഴിത്തിരിവ് ആകുന്ന വിധി പുറപ്പെടുവിച്ചത്.
ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഭരണഘടന നിലവില്‍ വന്ന ശേഷം ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും സുപ്രീം കോടതി വിമര്‍ശിക്കുകയുണ്ടായി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ വിവേചനാധികാരം എന്നൊന്നില്ല എന്നും ആര്‍ട്ടിക്കിള്‍ 200ല്‍ അനുശാസിക്കുന്ന നടപടികളിലൊന്ന് ഗവര്‍ണര്‍ സ്വീകരിച്ചേ മതിയാകൂ എന്നും വിധിയില്‍ പരാമര്‍ശമുണ്ട്. അതിനാല്‍ തന്നെ സുപ്രീം കോടതിയുടെ ഈ വിധി ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഒരു നാഴികക്കല്ലാണെന്ന് കെ.എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
‘നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ഭരണഘടന ഗവര്‍ണര്‍ക്ക് വീറ്റോ അധികാരം നല്‍കുന്നില്ലെന്നും വ്യക്തമാക്കിയ സുപ്രീം കോടതി, നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ മൂന്നുമാസത്തിനുള്ളില്‍ ഗവര്‍ണര്‍ തീരുമാനം കൈക്കൊള്ളണമെന്നും ഉത്തരവിട്ടിരിക്കുകയാണ്.
അനിശ്ചിതകാലം ബില്ലുകളില്‍ തീരുമാനമെടുക്കാതെ മാറ്റിവെയ്ക്കുവാനും, ഗവര്‍ണര്‍ മടക്കിയതിനുശേഷം നിയമസഭ രണ്ടാമതും പാസാക്കി അയക്കുന്ന ബില്ലുകള്‍ രാഷ്ട്രപതിക്ക് വിടാനും ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും, അത്തരം ബില്ലുകളില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നുമാണ് കോടതിയുടെ തീര്‍പ്പ്,’ കെ.എന്‍. ബാലഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യന്‍ ഭരണഘടനയുടെ ശക്തിയും ചൈതന്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ വിധി രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്ന് പറഞ്ഞ ധനമന്ത്രി കേരള സര്‍ക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വര്‍ഷങ്ങളായി സ്വീകരിച്ച നിലപാടുകള്‍ ശരിയാണ് എന്ന് തെളിയിക്കുകയാണ് സുപ്രീംകോടതി വിധിയിലൂടെയെന്നും ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ജെ. ബി. പര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
Content Highlight: Supreme Court verdict is a strong blow to the Centre’s encroachments on the powers of state governments through the use of governors: K.N. Balagopal