ന്യൂദല്‍ഹി: ജല്ലിക്കെട്ടിന് നിരോധനത്തിനെതിരെ കൊണ്ടുവന്ന നിയമഭേദഗതിയെ പിന്തുണച്ച് സുപ്രീം കോടതി. ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണെന്നും നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന പാരമ്പര്യങ്ങളുടെ ഭാഗമായാണ് ജല്ലിക്കെട്ട് അടക്കം രൂപപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു.
ജല്ലിക്കെട്ട്, കാളയോട്ടം എന്നിവ സംരക്ഷിക്കാനായി അതത് സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന നിയമഭേദഗതി ശരിവെക്കുകയാണ് പരമോന്നത നീതിപീഠം ചെയ്തിരിക്കുന്നത്. കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന നിയമഭേദഗതിയെ ആണ് സുപ്രീം കോടതി പിന്തുണച്ചത്.
സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് പരിഗണിച്ച ഹരജികളില്‍ ജസ്റ്റിസ് അനിരുദ്ധ ബോസാണ് ഇന്ന് വിധി പ്രസ്താവം നടത്തിയത്. നിയമഭേദഗതിക്ക് രാഷ്ട്രപതിയടക്കം അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സുപ്രീം കോടതി മൃഗസ്‌നേഹികളുടെ ഹരജി തള്ളിക്കൊണ്ട് ചൂണ്ടിക്കാട്ടി. ഈ സംസ്ഥാനങ്ങള്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അതില്‍ വീഴ്ച വരുത്തരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മൃഗങ്ങള്‍ക്കെതിരായ അക്രമം സംബന്ധിച്ച 2017ലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ജല്ലിക്കെട്ടിലെ നിയമഭേദഗതിയെന്നാണ് ഹരജിക്കാര്‍ വാദിച്ചിരുന്നത്. ഈ നിയമം മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത ആവര്‍ത്തിക്കുന്നതിന് കാരണമാകുമെന്നായിരുന്നു മൃഗസ്‌നേഹികളുടെ സംഘടന അടക്കം വാദിച്ചിരുന്നത്.
ജെല്ലിക്കെട്ടിന്റെ സാധുത ശരിവെച്ച സുപ്രീം കോടതി വിധി ചരിത്രപരമാണെന്ന് തമിഴ്നാട് നിയമമന്ത്രി എസ്. റെഗുപതി പ്രതികരിച്ചു. ഞങ്ങളുടെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.