| Wednesday, 27th July 2022, 12:11 pm

ഇ.ഡിക്ക് നല്‍കിയ വിശാല അധികാരങ്ങള്‍ ശരിവെച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നല്‍കിയ വിശാല അധികാരങ്ങളെ ശരിവെച്ച് സുപ്രീംകോടതി. സംശയാസ്പദമായ ഏത് സ്ഥലത്തും എപ്പോള്‍ വേണമെങ്കിലും ഇ.ഡിക്ക് പരിശോധന നടത്താമെന്നും കോടതി പറഞ്ഞു. സ്വത്ത് കണ്ടുകെട്ടാനും ഇ.ഡിക്ക് അനുവാദമുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 20(3) അനുശാസിക്കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചത്.

ഈ ഹരജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. 242ലധികം ഹരജികളാണ് ഇ.ഡി നടപടികള്‍ക്കെതിരെ സുപ്രീം കോടതിയിലെത്തിയിരുന്നത്. ഇ.ഡിയുടെ അന്വേഷണ റിപ്പോര്‍ട്ടായ ഇ.സി.ഐ.ആറിനും, സ്വത്തുകണ്ടുകെട്ടാനുള്ള ഇ.ഡിയുടെ അവകാശത്തിനെതിരെയുമായിരുന്നു ഹരജികള്‍.

പി.എം.എല്‍.എ ആക്ടില്‍ (പ്രിവെന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട്/ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം) വരുത്തിയ ഭേദഗതികളിലൂടെ ഇ.ഡിക്ക് ലഭിച്ച വിശാല അധികാരങ്ങളെല്ലാം ശരിവെക്കുന്നതാണ് കോടതിയുടെ വിധി.

രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയുള്‍പ്പെടെ ഇ.ഡി അന്വേഷണം നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനിടെയാണ് സുപ്രീം കോടതിയുടെ വിധി.

ഇ.ഡി സമര്‍പ്പിക്കുന്ന ഇ.സി.ഐ.ആര്‍ എഫ്.ഐ.ആറിന് സമാനമല്ലെന്നും ഇത് രഹസ്യരേഖയായി പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ഇ.സി.ഐ.ആര്‍ പകര്‍പ്പ് വേണമെങ്കില്‍ കോടതി വഴി ആവശ്യപ്പെടാം. എഫ്.ഐ.ആര്‍ ഇല്ലെന്ന കാര്യമുയര്‍ത്തി ഒരാളെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.

അനധികൃതമായി സമ്പാദിച്ച പണം പിടിച്ചെടുക്കണമെന്നാണ് ഇ.ഡിക്ക് നല്‍കിയിരിക്കുന്ന ചുമതല. കള്ളപ്പണത്തിലൂടെയാണോ സ്വത്ത് സമ്പാദിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച കാര്യങ്ങള്‍ കോടതിയാണ് തെളിയിക്കേണ്ടതെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നു.

2002ലെ നിയമപ്രകാരം ഇ.ഡിയ്ക്ക് സ്വന്തമായി ഇത്തരം കേസുകളില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല. പ്രതിയെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയിലെടുത്തയാള്‍ പ്രതിയാണോ അല്ലയോ എന്ന് തെളിയിക്കുന്നത് കോടതിയാണെന്നും, പ്രതിയല്ലെന്ന് തെളിഞ്ഞാല്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ തിരികെ നല്‍കണമെന്നാണ് നിയമമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരു മാസത്തിലധികമായി ചര്‍ച്ച നടക്കുന്ന കേസിലാണ് നിലവില്‍ കോടതി വിധി പറഞ്ഞിരിക്കുന്നത്.

Content Highlight: Supreme court upholds the rights given to enforcement directorate

We use cookies to give you the best possible experience. Learn more